തൃശൂർ: റോഡിന്റെ പേരിനൊപ്പം സംസ്ഥാന പാതയെന്ന വാലുണ്ടെങ്കിലും തൃശൂർ - ഷൊർണൂർ പാതയിൽ കുഴി മാത്രമേയുള്ളൂ. കുഴിയെന്നല്ല, ഗർത്തമെന്ന് വേണം ഇവയെ പറയാൻ. യാത്ര ചെയ്താൽ നടുവൊടിയും. ഒന്നരവർഷം മുൻപ് മൂന്നുകോടിയോളം രൂപ ചിലവഴിച്ചു റീ ടാറിംഗ് നടത്തിയ റോഡിനാണ് ഈ ദുരാവസ്ഥ! കോലഴി - മുതൽ തിരൂർ വരെയാണ് കൂടുതൽ അപകട മേഖല. തിരൂർ സെന്ററിൽ നിന്ന് വടക്കു വശത്താണ് വലിയ ഗർത്തങ്ങൾ ആണ് രൂപപ്പെട്ടിരിക്കുന്നത്. അത് കൊണ്ടു നിരവധി വാഹനങ്ങൾ ആണ് അപകടത്തിൽപ്പെടുന്നത്. റോഡുകളിലെ കുഴികൾ മൂലം ഗതാഗത കുരുക്കും രൂക്ഷമാണ്. ഈ റൂട്ടിലെ സ്വകാര്യ ബസുകൾ 15 ശതമാനം മാത്രമാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ സർവീസ് നടത്തുന്നത്. സർവീസ് പൂർണ്ണമായാൽ ഈ റോഡിലൂടെയുള്ള യാത്ര ഇതിലും ദുഷ്കരമാകും. മണ്ണുത്തി ദേശീയ പാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടാൽ ചരക്ക് ലോറികൾ അടക്കം ഇതിലൂടെയാണ് പോകാറുള്ളത്. ദിനംപ്രതി ആയിരകണക്കിന് വാഹനങ്ങൾ പോകുന്ന സംസ്ഥാന പാത ആയിരുന്നിട്ട് കൂടി അറ്റകുറ്റ പണികൾ നടത്താൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം വ്യാപകമാണ്. വടക്കാഞ്ചേരി റെയിൽവേക്ക് സമീപം അശാസ്ത്രീയ നിർമാണം മൂലം അപകട മേഖലയായി.
തരിപ്പണമായി
രാമവർമ്മ പുരം - വില്ലടം റോഡ്
പൊലീസ് അക്കാഡമി ഉൾപ്പടെ ഉള്ള വലിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രാമവർമ്മപുരം - വില്ലടം റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് മാസങ്ങളായി. കുടിവെള്ള പദ്ധതിക്കായി പൊളിച്ചിട്ട റോഡാണ് കോർപറേഷൻ ഇനിയും ടാറിംഗ് നടത്താതെ യാത്രക്കാരെ വലക്കുന്നത്. പള്ളിമൂല മുതൽ പൊങ്ങണംകാട് വരെയുള്ള അഞ്ചു കിലോ മീറ്റർ ദൂരമാണ് പൊളിച്ചിട്ടത്. പൈപ്പ് സ്ഥാപിച്ചു മണ്ണിട്ട് മൂടിയിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതിനു മുകളിൽ മെറ്റൽ ഉൾപ്പെടെ നിരത്തിയിട്ടുണ്ടെങ്കിലും മറ്റു നിർമാണം ഇതുവരെയും തുടങ്ങിയിട്ടില്ല. മഴ ശക്തമായതോടെ റോഡിലെ കുഴികളിൽ വെള്ളം കെട്ടി നിന്ന് യാത്ര ദുരിതമായിരിക്കുകയാണ്.