peechio

തൃശൂർ: പീച്ചി ഡാമിൽ ശക്തമായ വെള്ളമൊഴുക്കലിന് പിന്നാലെ സ്ലൂയിസിനുള്ളിലെ വാൽവ് തള്ളി പോയത് പരിഹരിക്കാൻ നേവിയുടെ വിദഗ്ധ സംഘം എത്തി. ഡാം ഇന്നലെ ഉച്ചയ്ക്ക് ഡാമം തുറന്ന് വൈദ്യുതി ഉദ്പാദനം നടക്കുന്നതിനിടെയാണ് പ്ലാന്റിന്റെ ഭാഗത്തെ ഷട്ടർ ജലപ്രവാഹത്തിൽ തള്ളിപോയത്. ഇതേ തുടർന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ എൻ.സി.ജോണിന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം പരിശോധിച്ചെങ്കിലും തകരാർ പരിഹരിക്കാൻ സാധിച്ചില്ല. രാത്രി വൈകിയും പ്രശ്‌നം പരിഹരിക്കാൻ സാധിക്കാതെ വന്നതോടെ നേവിയുടെ വിദഗ്‌ദ്ധർ ഇന്ന് രാവിലെ സ്ഥലത്തിലെത്തി തകരാർ പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു. പ്രധാന ഷട്ടറുമായി ബന്ധമില്ലാത്ത സ്ഥലത്താണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. ഷട്ടറിനുള്ള മരകക്ഷണം കുടുങ്ങിയതാണ് കാരണമെന്നാണ് കണ്ടെത്തൽ. ഇന്നലെ രാത്രി ചേർപ്പിൽ നിന്നുള്ള മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വാൽവിന്റെ തകരാർ മൂലം വെള്ളം അനിയന്ത്രിതമായി പുറത്തേക്ക് ഒഴുകുകയാണ്. അതേ സമയം അപകടകരമായ സ്ഥിതി വിശേഷം ഇല്ലെന്നും ആശങ്ക വേണ്ടെന്നും ചീഫ് വിപ്പ് കെ.രാജൻ പറഞ്ഞു. ജില്ലാ കളക്ടറും ഇന്നലെ സ്ഥലത്ത് എത്തിയിരുന്നു. പീച്ചി ഡാമിൽ ജലനിരപ്പ് കൂടിയതിനെ തുടർന്ന് ഇന്നലെ രാവിലെ പതിനൊന്നരയ്ക്ക് നാലു ഷട്ടറുകൾ രണ്ട് ഇഞ്ച് വീതം തുറന്നിരുന്നു.


മന്ത്രി ഉച്ചയ്ക്ക് എത്തും

പീച്ചീ ഡാമിന്റെ വാൽവിന് തകരാർ സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ തുടർനടപടികളെ കുറിച്ച് വിലയിരുത്തുന്നതിനായി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ഉച്ചയ്ക്ക് ഡാം സന്ദർശിക്കും.