തൃശൂർ: അവധി ദിവസങ്ങളിൽ ഇ - പോസ് മെഷീൻ ഉപയോഗിച്ച് ജില്ലയിൽ വ്യാപക റേഷൻ തട്ടിപ്പ് നടന്നതായുള്ള ആരോപണത്തിൽ അന്വേഷണം തുടങ്ങി. 278 റേഷൻ കാർഡുകളിലെ അരിയാണ് റേഷൻ മാഫിയ തട്ടിയെടുത്തത്. ഓരോ കാർഡിനും 10 കിലോ സ്‌പെഷ്യൽ അരി അടക്കം ഓണത്തിനായി നൽകിയതിൽ നിന്നാണ് ഇ പോസ് യന്ത്രം പ്രവർത്തിപ്പിച്ച് തട്ടിയത്.
എന്നാൽ എത്ര അളവ് റേഷൻ വസ്തുക്കൾ തട്ടിയെടുത്തുവെന്നതിൽ കൃത്യം കണക്കുകൾ ലഭ്യമായിട്ടില്ല. ആഗസ്റ്റ് 31, സെപ്തംബർ ഒന്ന്, രണ്ട് തീയതികളിലാണ് സംസ്ഥാനത്ത് സംഘടിതമായി റേഷൻകൊള്ള നടത്തിയത്. എന്നാൽ ജില്ലയിൽ തിരുവോണ നാളായ 31ന് ഇ പോസ് മെഷീൻ ഉപയോഗിച്ചിട്ടില്ല. തുടർന്നുള്ള രണ്ടു ദിവസങ്ങളിലാണ് വ്യാപകമായ തിരിമറി നടന്നിരിക്കുന്നത്.
നേരത്തെയും ഇത്തരത്തിൽ റേഷൻ വിഹിതം അവധി ദിനങ്ങളിൽ എഴുതിയെടുക്കൽ പതിവാണ്. ഒന്നാം തീയതി ആറ് കാർഡുകളിൽ നിന്നാണ് മാന്വലായി റേഷൻ വിഹിതം കടക്കാർ എഴുതിയെടുത്തത്. മരിച്ചു പോയവരുടെ കാർഡുകളിലേത് ഉൾപ്പെടെ റേഷൻ വിഹിതം പലകുറി തട്ടിയെടുത്തിട്ടും നടപടി സ്വീകരിക്കാത്ത പൊതുവിതരണ വകുപ്പ് തന്നെയാണ് ഇത്തരം അഴിമതിക്ക് കൂട്ട് നിൽക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
വിവിധ ഇടപാടുകൾകളിൽ പ്രതിയായവർക്ക് പിഴയും സസ്‌പെൻഷനും അടക്കം വിധിച്ചിട്ടും നടപ്പിലാകാതെ പോകുന്നതിന് പിന്നിൽ ഉന്നത ഇടപെടലാണെന്ന ആരോപണം ശക്തമാണ്. റേഷൻ ഗുണഭോക്താക്കളായ അന്ത്യോദയ, മുൻഗണനാ വിഭാഗങ്ങളെ മാത്രം റേഷൻ വാങ്ങാത്തതിനാൽ പുറത്താക്കുന്ന സാഹചര്യം ഇല്ലാതാക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. സബ്‌സിഡി വിഹിതത്തിന് അർഹരല്ലാത്ത നീല, വെള്ള കാർഡ് ഉടമകളും അരി വാങ്ങാതെ വന്നാൽ പുറത്താക്കുന്ന സാഹചര്യം ഉണ്ടായാൽ തട്ടിപ്പ് ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
നഗര പ്രദേശമായ തൃശൂരിലാണ് തട്ടിപ്പ് അധികവും നടന്നിരിക്കുന്നത്. ഗ്രാമീണ മേഖലയിലുള്ളവരെക്കാൾ നഗരപ്രദേശങ്ങളിൽ റേഷൻ വാങ്ങുന്നവർ കുറവാണെന്നതാണ് ഇതിനു കാരണം. തലപ്പള്ളിയിൽ ഒന്നാം തീയ്യതി രണ്ടു കാർഡുകൾക്ക് പുറമേ രണ്ടിന് 17 കാർഡുകളിലെ അരിയും സ്വന്തമാക്കിയിട്ടുണ്ട്. മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂർ എന്നീ താലൂക്കുകളിലും വലിയ തോതിൽ റേഷൻ വിഹിതം തട്ടിയെടുത്തിട്ടുണ്ട്.
റേഷൻ വിഹിതം തട്ടിയെടുത്തത്
ആകെ റേഷൻ കാർഡുകൾ - 278
സെപ്തംബർ ഒന്നിന് - 6
സെപ്തംബർ രണ്ട്- 272
ഏറ്റവും കൂടുതൽ
തൃശൂർ താലൂക്ക് -121
ചാലക്കൂടി -86
റിപ്പോർട്ട് തേടി
സപ്ലൈ ഓഫീസർമാരോട് ഇത് സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമാസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നന്നു
- ജില്ലാ സ്‌പ്ലൈ ഓഫീസർ