കയ്പമംഗലം: സ്വർണക്കള്ളക്കടത്തിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കയ്പമംഗലം മണ്ഡലം കമ്മിറ്റി മൂന്നുപീടികയിൽ ദേശീയ പാത ഉപരോധിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനീഷ് മാടപ്പാട്ട് അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി, ജില്ലാ സെൽ കോ- ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ, ജനറൽ സെക്രട്ടറിമാരായ ജ്യോതിബാസ് തേവർക്കാട്ടിൽ, അജയഘോഷ് എന്നിവർ നേതൃത്വം നൽകി.
പെരിഞ്ഞനത്തു നിന്ന് പ്രതിഷേധ മാർച്ചോടു കൂടിയാണ് പ്രവർത്തകർ മൂന്നുപീടികയിൽ ദേശീയ പാത ഉപരോധിച്ചത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ഒരു മണിക്കുറോളം നീണ്ട ഉപരോധത്തിനൊടുവിൽ നേതാക്കളെയും, പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരം നടത്തിയ ഇവർക്കെതിരെ കേസെടുത്തു.