തൃശൂർ: അയ്യന്തോൾ കൃഷിഭവൻ പരിധിയിൽ രണ്ട് കൃഷി ഗ്രാമങ്ങൾ ഒരുങ്ങുന്നു. കുറിഞ്ഞ്യാക്കൽ പ്രദേശത്തും കാര്യാട്ടുകര പ്രദേശത്തുമാണ് കൃഷി ഗ്രാമം ഒരുങ്ങുന്നത്. കുറിഞ്ഞ്യാക്കൽ പ്രദേശത്ത് നൂറ് വീടുകളിലും കാര്യാട്ടുകരയിൽ 50 വീടുകളിലുമാണ് കൃഷി ഗ്രാമം ഒരുക്കുക.
ക്ലസ്റ്റർ രീതിയിൽ രൂപപ്പെടുന്ന കൃഷി ഗ്രാമങ്ങൾ വിപണിയുമായി ബന്ധിപ്പിക്കും. ഇവിടെ ഉത്പാദിപ്പിക്കുന്ന വിഷരഹിതമായ പച്ചക്കറികൾ വീട്ടിലെ അംഗങ്ങൾ ഉപയോഗിച്ച് മിച്ചം വരുന്നത് നാട്ടുചന്ത, ഇക്കോഷോപ്പുകൾ വഴി വിപണനം നടത്തും. കൃഷിഗ്രാമങ്ങളിൽ കൃഷിയിൽ ഏർപ്പെടുന്ന വീട്ടമ്മമാർക്ക് സ്ഥിരവരുമാനം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വീടുകൾക്ക് നടീൽ വസ്തുക്കളും, ഗ്രോബാഗ്, ജൈവവളം എന്നിവ നൽകും.
ഈ പ്രദേശത്തെ മാനസികാരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ, പകൽവീടുകൾ എന്നിവ കേന്ദ്രീകരിച്ച് അഗ്രികൾച്ചർ തെറാപ്പി നടത്തും. അയ്യന്തോൾ കൃഷി ഭവൻ പരിധിയിലെ വീടുകൾ കേന്ദ്രീകരിച്ച് അമരപന്തലുകളും ഒരുക്കും.
അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമ കാമ്പസിൽ ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, ഇലവർഗങ്ങൾ എന്നിവയ്ക്ക് പുറമെ ലേഡീസ് ഹോസ്റ്റലിനോട് ചേർന്ന് പച്ചക്കറിക്കൃഷിയും നടപ്പിലാക്കും. കോർപറേഷന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 1333 യൂണിറ്റ് ഗ്രോബാഗുകൾ റെസിഡന്റ്‌സ് അസോസിയേഷനുകളിലും പ്രാദേശിക കൂട്ടായ്മകളിലും വിതരണം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലെ കാര്യാട്ടുകര അഷ്ടമംഗലം ശിവ ക്ഷേത്രപരിസരത്തുള്ള 50 സെന്റ് ഭൂമിയിൽ കാര്യാട്ടുകര മോണിംഗ് വാക്കേഴ്‌സ് ക്ലബ്ബിലെ അംഗങ്ങളെ ഉൾപ്പെടുത്തി പച്ചക്കറികൃഷി നടപ്പിലാക്കും.
എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിൽ ഒന്നര ഏക്കർ സ്ഥലത്തും പച്ചക്കറി ഉത്പാദിപ്പിക്കും.