തൃശൂർ: ജില്ലയിലെ മൂന്നാമത്തെ ലൈഫ് മിഷൻ ഭവനസമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കും. കാറളം പഞ്ചായത്തിലെ വെള്ളാനിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ തറക്കല്ലിടും. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ അദ്ധ്യക്ഷനാകും.
കാറളം പഞ്ചായത്തിലെ വെള്ളാനിയിൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 84 സെന്റ് സ്ഥലത്ത് രണ്ട് ബ്ലോക്കുകളിലായി 72 വാസഗൃഹ യൂണിറ്റുകളുടെ നിർമ്മാണം ആറ് മാസത്തിനകം പൂർത്തിയാക്കും. 920 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ ആകെ വിസ്തീർണം 43000 ചതുരശ്ര അടിയാണ്.
അഹമ്മദാബാദിലെ മിത്സുമി ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കരാറുകാർ. വടക്കാഞ്ചേരി നഗരസഭയിലെ ചരൽപ്പറമ്പിൽ നിർമ്മാണം പൂർത്തിയാകുന്ന 144 വാസഗൃഹ യൂണിറ്റുകളുടെ പാർപ്പിട സമുച്ചയവും പഴയന്നൂർ പഞ്ചായത്തിൽ 36 വാസഗൃഹ യൂണിറ്റുകളുളള പാർപ്പിട സമുച്ചയവും ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയ പദ്ധതികളാണ്.