കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ നികുതിയിനത്തിലെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടായിരത്തിന് മുകളിൽ സ്‌ക്വയർ ഫീറ്റുള്ള വീടുകൾക്ക് 25 ശതമാനം വർദ്ധനവും അമ്പത് സ്‌ക്വയർ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് നൂറ് ശതമാനം വർദ്ധനവുമാണ് നടപ്പിലാക്കിയിട്ടുള്ളത്. ഇതുമൂലം വീട്ടുകാർക്കും കടക്കാർക്കും അയ്യായിരം മുതൽ ഇരുപത്തയ്യായിരം രൂപ വരെ അടയ്ക്കണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നൽകിയിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി നേരിടുന്ന സമയത്തെ വർദ്ധനവ് താങ്ങാവുന്നതിലും അപ്പുറമാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നിഷാഫ് കുര്യാപ്പിള്ളി അദ്ധ്യക്ഷനായി.