തൃശൂർ: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു തൃശൂരിൽ ഐ.ജി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. ഐ.ജി ഓഫീസിന് അകലെ പൊലീസ് ബാരിക്കേഡ് വച്ച് പ്രകടനം തടഞ്ഞിരുന്നു.. ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് നേതാക്കൾ പിരിഞ്ഞതോടെ പൊലീസിന്റെ ബാരിക്കേഡ് തകർത്തായിരുന്നു പ്രവർത്തകർ സംഘർഷത്തിന് തുടക്കമിട്ടത്. അക്രമാസക്തരായതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. വീണ്ടും പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു.
പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജലിൻ ജോൺ ഉദ്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജിജോമോൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.