തൃശൂർ: ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആതൂരാലയമായ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ എത്തുന്നവരുടെ ജീവന് വില കൽപ്പിക്കാതെ അധികൃതർ. ആയിരക്കണക്കിന് പേർ ചികിത്സ തേടിയെത്തുന്ന ഇവിടെ രാത്രിയിൽ പുറത്തിറങ്ങാൻ സാധിക്കാത്ത സ്ഥിതി വിശേഷമാണ്. കാമ്പസിനുള്ളിലെ ഭൂരിഭാഗം വൈദ്യുതി വിളക്കുകളും മിഴിയടച്ചിട്ട് മാസങ്ങളായി.
മെഡിക്കൽ കോളേജ് റോഡിലുള്ള നെഞ്ച് രോഗാശുപത്രി മുതൽ പുതിയ മെഡിക്കൽ കോളേജ് വരെയുള്ള ഒരു കിലോമീറ്റർ വരുന്ന റോഡിൽ വഴിവിളക്കുകളൊന്നും തെളിയുന്നില്ല. റോഡിന് ഇരുവശവും കാടുപിടിച്ച് കിടക്കുന്നതിനിടെ വെളിച്ചം പോലുമില്ലാത്തത് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ദുരിതം സൃഷ്ടിക്കുന്നുണ്ട്.
കാമ്പസിനകത്ത് ഇന്ത്യൻ കോഫി ഹൗസിന് മുന്നിലുള്ള റോഡിൽ മാത്രമാണ് ഒരു ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നത്. ജില്ലയിലെ ഏറ്റവും പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രം കൂടിയായ മെഡിക്കൽ കോളേജിന്റെ പ്രവേശന കവാടത്തിൽ പോലും വെളിച്ചമില്ല. മെഡിസിൻ ഐ.സി.യുവിലേക്ക് പ്രവേശിക്കുന്നിടത്തും വേണ്ടത്ര വെളിച്ചമില്ലാത്തെ രോഗികളും കൂട്ടിരിപ്പുകാരലും ദുരിതം അനുഭവിക്കുന്നു. മെഡിക്കൽ കോളേജിനുള്ളിലെ വാർഡുകളിലും വേണ്ടത്ര സംവിധാനം ഒരുക്കാൻ പോലും സാധിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ആശുപത്രി വികസന സമിതികളും മറ്റും ഇടയ്ക്കിടെ ചേരുന്നുണ്ടെങ്കിലും ഇവിടെ എത്തുന്നവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. കോടികളുടെ വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് ഈ ദുഃസ്ഥിതി. ആരും ആശ്രയമില്ലാതെ എത്തുന്നവർക്ക് രാത്രികാലത്ത് വാഹനങ്ങൾ വിളിക്കുന്നതിനും മറ്റും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സൗകര്യം ഒരുക്കുന്നതിൽ ഗ്രാമപഞ്ചായത്തും മറ്റ് ജനപ്രതിനിധികളും വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
ഭീതി പരത്തി തെരുവുനായ്ക്കൾ
മെഡിക്കൽ കോളേജ് പരിസരം തെരുവു നായ്ക്കളുടെ പ്രധാന കേന്ദ്രമാണ്. വാർഡുകളിലേക്ക് പോലും കൂട്ടത്തോടെ നായ്ക്കൾ കടന്ന് രോഗികളുടെ അടുത്തേക്ക് ചാടുന്നതും പതിവ് കാഴ്ചയാണ്. കാമ്പസിന് മുന്നിൽ പല സ്ഥലങ്ങളിലായി കൂട്ടംകൂട്ടമായി കിടക്കുന്ന തെരുവു നായ്ക്കൾ രാത്രിയിൽ നടന്നു പോകുന്നവരെ ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.