മാള: പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ശൗച്യാലയത്തിൽ സ്ഥിരമായി വെള്ളം ലഭിക്കുന്നതിനുള്ള സംവിധാനമില്ല. നിലവിൽ ജലനിധി വഴിയുള്ള വെള്ളമാണ് ശൗച്യാലയത്തിന്റെ മുകളിലെ സംഭരണിയിലേക്ക് എത്തിക്കുന്നത്. എന്നാൽ വേനൽക്കാലമായാൽ ജലനിധിയിലൂടെയുള്ള വെള്ളം ആഴ്ചയിൽ ഒരിക്കലായി മാറും. ഈ സ്ഥലത്ത് ഭൂഗർഭ ജലം ലഭ്യമാക്കുന്നതിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നാൽ ആധുനിക രീതിയിൽ നിർമ്മിച്ച ഈ ശൗച്യാലയം നോക്കുക്കുത്തിയായി മാറുമെന്ന ആശങ്കയുണ്ട്.
അതേസമയം പഞ്ചായത്തിന്റെ തന്നെ മറ്റൊരു കുഴൽ കിണറിൽ നിന്നുള്ള വെള്ളം കൊണ്ടുവരാനുള്ള സാദ്ധ്യതയും ആലോചിക്കുന്നുണ്ട്.
ശൗച്യാലയത്തോട് ചേർന്നുള്ള മാളച്ചാലിലെ ജലം മലിനമായതിനാൽ ഉപയോഗിക്കാനാകില്ല. എന്നാൽ ഈ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാൻ കഴിയുമോയെന്ന് പരിശോധിക്കേണ്ടി വരും.
കടുത്ത വേനലിൽ ഒരാഴ്ച മുതൽ ഒന്നര ആഴ്ച വരെ ഇടവേളകളിലാണ് ഒരു ദിവസം വെള്ളം ലഭിക്കുന്നത്. എന്നാൽ ലഭിക്കുന്ന വെള്ളം ഇത്രയും ദിവസം ഉപയോഗത്തിനായി സംഭരിക്കുന്നതും പ്രായോഗികമല്ല. കൊവിഡ് നിയന്ത്രണം കാരണം ബസ് സ്റ്റാൻഡിൽ കുറവ് ജനം എത്തുന്നതിനാൽ ഇപ്പോൾ ഉപയോഗം കുറവായിരിക്കും. ലേലം നൽകുന്നത് വരെ കുടുംബശ്രീക്കാണ് ശൗച്യാലയത്തിന്റെ ചുമതല. എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 22.65 ലക്ഷം രൂപ ചെലവഴിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിംഗ് വിഭാഗമാണ് നിർമ്മാണ നിർവഹണം നടത്തിയത്. പുരുഷന്മാർക്ക് മൂന്ന് ടോയ്‌ലറ്റുകളും എട്ട് യൂറിനലും സ്ത്രീകൾക്കായി നാല് ടോയ്‌ലറ്റും കാത്തിരിപ്പ് കേന്ദ്രവും വാഷിംഗ് സൗകര്യവും ഉൾപ്പെടെ 850 ചതുരശ്ര അടി വിസ്തൃതിയിലാണ് ശൗച്യാലയം നിർമ്മിച്ചിട്ടുള്ളത്. നിരവധി സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് നിർമ്മാണം പൂർത്തിയാക്കി ശൗച്യാലയം തുറന്നത്.
ശുചിമുറി ഉദ്ഘാടനം
മാള: മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വി.ആർ സുനിൽകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശുചി മുറി ഉദ്‌ഘാടനം ചെയ്തു. 22.65 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചിമുറി സൗകര്യം ഒരുക്കിയത്. വി.ആർ സുനിൽകുമാർ എൽ.എൽ.എ ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജു ഉറുമീസ്, പി.എസ് ശ്രീജിത്ത്, ജൂലി ബെന്നി, ആശ മനോജ്, അമ്പിളി തിലകൻ തുടങ്ങിയവർ പങ്കെടുത്തു.