കാഞ്ഞാണി: മണലൂരിൽ കൊവിഡ് ബാധിച്ച് വയോധികൻ മരിച്ചു. കാരമുക്ക് ഐ.ടി.ഐക്ക് സമീപം ചിറയത്ത് സുകുമാരനാണ് (70)) മരിച്ചത്. കടുത്ത പ്രമേഹരോഗിയായ സുകുമാരന് രോഗലക്ഷണം കണ്ടതോടെ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പൊസിറ്റീവായത്.
ഇതോടെ ചൊവ്വാഴ്ച തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു മരണം.
സുകുമാരന് പൊസിറ്റീവായതോടെ സുകുമാരൻ്റെ ഭാര്യയെയും ദുബായിൽ നിന്ന് രണ്ട് മാസം മുമ്പ് നാട്ടിലെത്തിയ മകനെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനാ ഫലം വന്നപ്പോൾ ഭാര്യക്കും മകനും പൊസിറ്റീവായി. രണ്ട് മാസം മുമ്പ് ദുബായിൽ നിന്ന് നാട്ടിലെത്തിയ മകൻ 28 ദിവസം ക്വാറന്റൈൻ പൂർത്തീകരിച്ചാണ് ഓണത്തിന് മുമ്പ് പുറത്തിറങ്ങിയത്.
മണലൂരിൽ ഇപ്പോൾ രോഗവ്യാപനമുണ്ട്. സമ്പർക്കം വഴിയാണ് സുകുമാരന് രോഗം ബാധിച്ചതെന്നാണ് നിഗമനം. കാഞ്ഞാണി മേഖല നിലവിൽ അടച്ചു കെട്ടിയിരിക്കുകയാണ്. സുകുമാരൻ്റെ കൊവിഡ് മരണത്തോടെ മരുമകളെയും പേരക്കുട്ടിയെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മണലൂർ പഞ്ചായത്ത് ജാഗ്രതയിലാണ്.