പാവറട്ടി: വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് പയ്യൂർമാട് സ്വദേശി പഴഞ്ചേരി പ്രകാശന്റെയും കോടമുക്ക് സ്വദേശി മഠത്തിപ്പറമ്പിൽ വർഗ്ഗീസിന്റെയും ഉൾനാടൻ മത്സ്യത്തൊഴിലിലെ കൂട്ടുക്കെട്ടിന് 37 വർഷം. 59 വയസുകാരായ ഇവർ തൊഴിൽ തുടങ്ങിയതിന് ശേഷം ഒരിക്കലും തെറ്റി പിരിഞ്ഞിട്ടില്ല. രണ്ട് പേരുടെയും ഉടമസ്ഥതയിലാണ് വഞ്ചിയും വലകളും. വല വീശി മാത്രമാണ് മത്സ്യം പിടിക്കുന്നത്. പിടിച്ച മത്സ്യം വിറ്റു കിട്ടുന്ന പണവും തുല്യമായി വീതിക്കും. മത്സ്യമേഖല സമ്പന്നമാണെങ്കിലും മത്സ്യത്തൊഴിലാളികൾ ദരിദ്രരെന്ന പഴമൊഴി ഇവരെ ബാധിക്കാത്തതിലും ഈ സൗഹൃദത്തിന്റെ പങ്ക് വളരെ വലുതാണ്.
അദ്ധ്വാനിച്ച് കിട്ടുന്ന പണം സൂക്ഷിച്ച് ഉപയോഗിച്ചതിനാലും സർക്കാർ സഹായങ്ങൾ ഉള്ളതിനാലും ലളിതമായ ജീവിതം നയിക്കുന്നതിനാലും രണ്ട് പേർക്കും അല്ലലുണ്ടായിട്ടില്ല. കാലാവസ്ഥ പ്രതികൂലമായാലും ഇവർ പണിക്ക് പോകും. മത്സ്യങ്ങൾ പുഴയോരത്തും കരയിലുമായി വിൽക്കും.
ചെറുപ്പത്തിൽ തൊയക്കാവിലെ ചാത്തു ആശാൻ നടത്തിയിരുന്ന കളരി അഭ്യാസം പഠിക്കുന്നതിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. മൂന്ന് വർഷം കളരി പഠനം തുടർന്നു. ആ സമയം മുതലാണ് ഇവർ ഈ തൊഴിലിൽ പങ്കാളികളായത്. മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ രണ്ട് പേർക്കും അംഗത്വമുണ്ട്. രണ്ട് പേരും വീട് നിർമ്മിച്ചു. രണ്ട് പേരും വിവാഹിതരാണ്. പ്രകാശന് രണ്ട് പെൺ മക്കൾ അടക്കം മൂന്ന് മക്കൾ. പെൺമക്കളുടെ വിവാഹം കഴിഞ്ഞു. വർഗീസിന് രണ്ട് മക്കൾ. മകളുടെ വിവാഹം കഴിഞ്ഞു.
കാലാവസ്ഥ വ്യതിയാനവും വേലിയേറ്റവും വേലിയിറക്കവും ശരിയായി നടക്കാത്തതിനാലും ജലാശയങ്ങളിൽ മാലിന്യങ്ങൾ നിറഞ്ഞതും കനോലി കനാലിലേയും കോടമുക്ക്, പെരിങ്ങാട് പരപ്പലേയും മത്സ്യ സമ്പത്ത് കുറയാനിടയാക്കിയിട്ടുണ്ട്. വരുമാനം കുറഞ്ഞതിനാൽ പല പരമ്പരാഗത മത്സ്യത്തൊഴിലാളികളും മറ്റ് തൊഴിൽ തേടി പോയെങ്കിലും പ്രകാശനും വർഗ്ഗീസും ഇന്നും ഈ തൊഴിൽ ചെയ്തു തന്നെ കുടുംബം പോറ്റുന്നു. ഐക്യവും ഈ തൊഴിലിനോടുള്ള ആത്മാർത്ഥതയും ഇവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ടതുമാക്കുന്നു.