വരന്തരപ്പിള്ളി: ചിമ്മനി ഡാം റോഡിൽ ആനയെ കണ്ട് ഭയന്ന് ഓടിയ റമ്പർ ടാപ്പിംഗ് തൊഴിലാളികൾക്ക് വീണ് പരിക്കേറ്റു. വേലുപ്പാടം പുലിക്കണ്ണി പള്ളി പുറത്ത് വീട്ടിൽ ഷക്കീർ(52), മകൻ ആരിഫ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ഹാരിസൺ മലയാളം കമ്പനിയിലെ ടാപ്പിംഗ് തൊഴിലാളികളായ ഇരുവരും ജോലിക്ക് പോകുമ്പോൾ വലിയകുളം ആറളപ്പാടിയിലായിരുന്നു സംഭവം.
ആനയെ കണ്ടതോടെ ബൈക്ക് നിറുത്തി ഇറങ്ങിയോടിയ ഇരുവരുടെയും പുറകെ ഓടിയ ആന ബൈക്ക് ചവിട്ടി തകർത്തു. ഓടുന്നതിനിടെ ഇരുവരും റോഡിന് അരികിലെ കാനയിൽ വീണതിനാൽ രക്ഷപെട്ടു. വീഴ്ചയിൽ നിസാര പരിക്കുപറ്റിയ തൊഴിലാളികൾ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വനത്തോട് ചേർന്ന റമ്പർ തോട്ടത്തിൽ പ്രായം ചെന്ന മരങ്ങൾ മുറിച്ചുമാറ്റി പുതുതായി തൈകൾ നടുന്നതിനുള്ള സ്ഥലത്ത് പുല്ലും അടിക്കാടുകളും വളർന്നിട്ടുണ്ട്. ഇവിടെയാണ് ആനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. രാത്രി കാലത്തുള്ള ടാപ്പിംഗും, യാത്രയും ഒഴിവാക്കണമെന്ന വനം വകുപ്പിന്റെ നിർദേശം ചെവികൊള്ളാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് ഇടയാക്കുന്നതെന്നും പറയുന്നു. തോട്ടത്തോട് ചേർന്ന് അടിക്കാട് വളർന്നതിനാൽ ആന നിൽക്കുന്നത് കാണുന്നില്ലെന്ന പരാതിയുമുണ്ട്.