ചാലക്കുടി: മലക്കപ്പാറയിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി ബസിന് ഇൻഷ്വറൻസ് ഇല്ലെന്ന വിവരം പുറത്ത്. സെപ്തംബർ 13ന് വാച്ചുമരത്ത് നിയന്ത്രണം വിട്ട് നീങ്ങി, ഇലക്ട്രിക്ക് പോസ്റ്റ് തകർത്ത ചാലക്കുടി ഡിപ്പോയിലെ ബസിനാണ് ഇൻഷ്വറൻസ് സംരക്ഷണം ഇല്ലെന്ന് പറയുന്നത്. ഓർഡിനറി ബസിന്റെ പോളിസി പുതുക്കാത്തതാണ് കാരണം. തകർന്ന പോസ്റ്റിന് 13,000 രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി വൈദ്യുതി വനകുപ്പ് ഉദ്യോഗസ്ഥർ രംഗത്തുവന്നതോടെയാണ് ഇൻഷ്വറൻസ് പ്രശ്‌നം പുറത്തുവന്നത്.
മലക്കപ്പാറയിൽ നിന്നുള്ള മടക്കയാത്രയിലായിരുന്നു ബസ് നിയന്ത്രണം തെറ്റിയത്. ഏതാനും യാത്രക്കാരുമുണ്ടായിരുന്നു. പോസ്റ്റിലിടിച്ച് നിന്നില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ബസ് താഴെയുള്ള വലിയ കൊക്കയിലേയക്ക് മറിയുമായിരുന്നു. ഇൻഷ്വറൻസ് പരിരക്ഷയില്ലാതെ ബസുകൾ സർവീസ് നടത്തിയത് ഡിപ്പോയിൽ വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കി.