തൃശൂർ: നിയന്ത്രണങ്ങൾ അയയുന്നു, ജില്ലയിൽ കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള പ്രതിദിന കണക്കിലെ ഏറ്റവും വലിയ സംഖ്യയാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. അഞ്ഞൂറിനടുത്തേക്ക് എത്തുന്നത് ആദ്യമാണ്. നിലവിലെ രോഗികളുടെ എണ്ണം 9000 കടന്നതോടെ അടുത്ത ദിവസങ്ങളിൽ തന്നെ ജില്ലയിലെ മൊത്തം രോഗികളുടെ എണ്ണം പതിനായിരം കടക്കുമെന്നാണ് ആശങ്ക.
സെപ്തംബറിലാണ് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ പകുതിയിലേറെയെന്നതും ആശങ്കയ്ക്ക് വഴിവയ്ക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 34 ശതമാനത്തിന്റെ വർദ്ധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായത്. മരണ നിരക്കും കൂടുതൽ സെപ്തംബറിൽ തന്നെയാണ്. ഇരുപതിലേറെ മരണമാണ് ഈ മാസം ഇതുവരെ റിപ്പോർട്ട് ചെയ്തത്.
കണ്ടെയ്മെന്റ് സോണുകളുടെയും ക്ലസ്റ്ററുകളുടെയും എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്. ഒരിടത്തും നിയന്ത്രണം പാലിക്കുന്നില്ലെന്ന വിലവയിരുത്തലാണ് ആരോഗ്യ വകുപ്പിനുള്ളത്. കൊവിഡ് വ്യാപനം തടയുന്നതിനുള്ള ഏകോപനം നിലവിൽ ഫലപ്രദമാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.
പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷൻ അടച്ചു
ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസ് അടച്ചു. പതിനാല് ജീവനക്കാരാണ് ഇവിടെയുള്ളത്. ഇവരെ എല്ലാവരെയും നിരീക്ഷണത്തിലാക്കി. മൂന്ന് പേരെ സ്റ്റേഷനിൽ തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.