വരന്തരപ്പിള്ളി: അപകടം അറിഞ്ഞും അറിയാതെയും മുന്നറിയിപ്പ് മറികടന്നുമുള്ള ചിമ്മനി ഡാം റോഡിലെ സെൽഫി എടുക്കൽ തുടരുകയാണ് യാത്രക്കാർ. ഈ റോഡിനോട് ചേർന്ന് കാട്ടാനക്കൂട്ടത്തെ കണ്ടുള്ള യാത്രക്കാരുടെ സെൽഫിയെടുക്കലാണ് അപകടം വിളിച്ച്‌ വരുത്തുന്നത്.

റോഡിനോട് ചേർന്ന് ഹാരിസൺ കമ്പനിക്കായി റബ്ബർ കൃഷിക്ക് പാട്ടത്തിന് നൽകിയ വനഭൂമിയിലാണ് യാത്രക്കാർക്ക് വിസ്മയമായി കാട്ടാനകൾ എത്തുന്നത്. പ്രായമായ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലത്താണ് തടസങ്ങൾ ഇല്ലാതെ ഗജവീരന്മാർ കൗതുക കാഴ്ചയൊരുക്കുന്നത്. തീരെ ചെറിയ കുട്ടിയാനകൾ മുതൽ പ്രായം ചെന്നവവരെ ആനക്കൂട്ടത്തിലുണ്ടാകും. വേനൽക്കാലത്ത്‌ റബ്ബർ മുറിച്ചു മാറ്റിയിടത്ത് വളർന്ന പാഴ്‌ച്ചെടികളും പുല്ലും തിന്നാനായാണ് ആനകൾ ഇവിടെ സ്ഥിരമായി എത്തുന്നത്. പാട്ട ഭൂമിയോട് ചേർന്ന വനത്തിൽ നിന്നും നിർഭയമായി ഇറങ്ങി വരുന്ന ആനകൾ പലപ്പോഴും റോഡ് മുറിച്ചു കടന്ന് മറുവശത്തെ പുഴയിലേക്ക് പോകുന്നതും തിരിച്ചു വരുന്നതും നിത്യ കാഴ്ചയാണ്. നാട്ടുകാർക്കും തോട്ടം തൊഴിലാളികൾക്കും ഇതൊരു പുതുമയല്ലെങ്കിലും ചിമ്മിനി ഡാം സന്ദർശിക്കാനെത്തുന്നവർ ഈ കൗതുക കാഴ്ച മോബൈൽഫോണിൽ പകർത്താനും സെൽഫി എടുക്കാനും മുതിരുന്നതാണ് അപകടത്തിനിടയാക്കുന്നത്. വനത്തിൽ പ്രവേശിക്കാൻ പാടില്ലെന്ന നിയമമൊന്നും ആർക്കും പ്രശ്‌നമല്ല. ചിലർക്ക് നിയമം അറിയില്ല. ചിലർ അറിഞ്ഞ് നിയമം ലംഘിക്കുന്നു. വനം വകുപ്പിന്റെ ബോർഡുകൾ ഒന്നും ഇവർ കണ്ട ഭാവം നടിക്കുന്നില്ല.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും സഹ്യപർവത മലനിരകൾ ആനയുൾപടെയുള്ള വന്യമൃഗങ്ങളുടെതാണെന്നും അവർക്ക് സ്വൈര്യ വിഹാരം നടത്താനുള്ള സ്ഥലത്താണ് മനുഷ്യരുടെ കടന്നുകയറ്റമെന്നുള്ള ആക്ഷേപങ്ങളും നിലനിൽക്കുന്നുണ്ട്.

........................

വനം വകുപ്പ് പറയുന്നത്

ആന താരകൾ ഉള്ള ഇവിടം പൂർണ്ണമായി തടയാൻ സാദ്ധ്യമല്ല

അനാവശ്യ യാത്രകളും അസമയത്തുള്ള യാത്രകളും ഒഴിവാക്കുക

വനത്തിൽ പ്രവേശിക്കാതിരിക്കുക,

വന്യമൃഗങ്ങളെ പ്രത്യേകിച്ച് ആനകളെ കാണുമ്പോൾ ഫോട്ടോ എടുക്കൽ, സെൽഫി എടുക്കൽ എന്നിവ ഒഴിവാക്കുക


....................

നാട്ടുകാരും തോട്ടം തൊഴിലാളികളും പറയുന്നത്

വനത്തിൽ നിന്ന് ആനകൾ ഇറങ്ങാതിരിക്കാൻ വനത്തോട് ചേർന്ന് സോളാർ വേലി സ്ഥാപിക്കുക

കിടങ്ങുകൾ നിർമ്മിക്കുക

വനപാലകർ അനാവശ്യമായി യാത്രക്കാരെ പീഡിപ്പിക്കുന്നതും കള്ളക്കേസിൽ കുടുക്കുന്നതും ഒഴിവാക്കുക