തൃശൂർ: പീച്ചി ഡാമിന്റെ ഷട്ടറിന്റെ ചോർച്ച പരിഹരിക്കാൻ നാലു ദിവസമായിട്ടും സാധിച്ചില്ല. എമർജൻസി ഷട്ടറിന്റെ വാൽവ് അടച്ചിട്ടും ഡാമിനടിയിലെ വാൽവുകൾ തകർന്ന ടണലിലൂടെ വെള്ളം കുത്തിയൊഴുകുകയാണ്. ഡാമിലെ ജലനിരപ്പ് കുറയ്ക്കാതെ പൂർണ്ണമായി ചോർച്ച അടയ്ക്കാൻ സാധിക്കില്ലെന്നാണ് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്. നാവികേസേനയുടെ വിദഗ്‌ദ്ധർ കഴിഞ്ഞ മൂന്നു ദിവസമായി രാത്രി വരെ ചോർച്ച തടയാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. വെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം വൈദ്യുത ഉത്പാദന കേന്ദ്രത്തിന്റെ കെട്ടിടം തകർച്ച ഭീഷണി നേരിടുകയാണ്. ഓഫീസിലേക്ക് വെള്ളം എത്താതിരിക്കാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വെള്ളം പുഴയിലേക്ക് ഒഴുക്കി വിടാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിനായി ഇവിടെയുള്ള മതിലും പൊളിച്ചു നീക്കിയിരുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് വൈദ്യുത ഉദ്പാദന കേന്ദ്രത്തിലേക്കും വലതുകര കനാലിലേക്കും വെള്ളം എത്തിക്കുന്ന സ്ലൂയിസ് വാൽവ് തകർന്നത്. വാൽവിനുള്ളിൽ കുടുങ്ങിയ മരക്കൊമ്പ് എടുത്ത് കളഞ്ഞെങ്കിലും ചോർച്ച തടയാനുള്ള പരിശ്രമം തുടരുകയാണ്. തിങ്കളാഴ്ച്ചയാണ് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ ഉയർത്തിയത്. ഇതിനിടെയാണ് ചോർച്ച കണ്ടെത്തിയത്. ചോർച്ച തടയുന്നതിന്റെ ഭാഗമായി ഇന്നലെ ഷട്ടറുകൾ ആറ് ഇഞ്ചായി ഉയർത്തിയിരുന്നു. മഴയില്ലെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്.
അധികൃതരുടെ വീഴ്ച വിദഗ്‌ദ്ധരുടെ സേവനം തേടാത്തതുകൊണ്ടാണ് ഇത്രയും ദിവസമായിട്ടും പീച്ചിയിലെ എമർജൻസി ഷട്ടറിന്റെ തകരാർ പരിഹരിക്കാൻ കഴിയാത്തത്. പ്രശ്‌ന പരിഹാരത്തിന് ആരെ സമീപിക്കണം എന്തു ചെയ്യണം എന്ന് വ്യക്തതയില്ലാത്തതു കൊണ്ടാണ് പീച്ചിക്ക് തകർച്ച സംഭവിക്കുന്നത്. എം.എൽ.എ കെ. രാജൻ പീച്ചി ഡാമിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല. ഡി.എം.സി.യെ രാഷ്ട്രീയവൽക്കരിച്ച എം.എൽ.എ അഞ്ച് വർഷം മുമ്പ് പീച്ചിക്കുണ്ടായിരുന്ന യശസ് കുറച്ചു. ജലസേചനം, കുടിവെള്ളം, ടൂറിസം എന്നീ മേഖലകളിൽ ഏറെ പ്രധാനപ്പെട്ട പീച്ചി ഡാമിന്റെ കാര്യത്തിൽ ചെറിയ ഒരു പിഴവുപോലും വരാൻ പാടില്ലാത്തതായിരുന്നു. നിലവിലെ സാഹചര്യത്തിൽ റിസർവോയറുമായി ബന്ധപ്പെട്ട സാങ്കേതിക മേഖലകളിൽ പ്രാവീണ്യമുള്ളവരെ കണ്ടെത്തി എമർജൻസി ഷട്ടറിന്റെ തകരാർ പരിഹരിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണം
എം.പി വിൻസന്റ്,
ഡി.സി.സി പ്രസിഡന്റ്