തൃശൂർ: അഞ്ചു മാസം പ്രായമായ തന്റെ ഇരട്ട കൺമണികളെ ആദ്യമായി ഒരുനോക്ക് കാണാൻ പോലും സാവിയോയ്ക്ക് ധൈര്യമില്ല.
മൂന്നുവട്ടം പിടികൂടിയ കൊവിഡ് ഇനിയും തന്നെ പിന്തുടരുമോ എന്ന ആശങ്കയിലാണ് പൊന്നൂക്കര പാലവേലി സെബാസ്റ്റ്യൻ മകൻ സാവിയോ(38). ഏഴ് മാസത്തിനിടെ മൂന്നു തവണ കൊവിഡ് പൊസിറ്റീവായി.
ആദ്യം മസ്‌കറ്റിൽ വച്ചും രണ്ട് തവണ കേരളത്തിൽ വച്ചുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ മൂന്നിന് ജനിച്ച തന്റെ കുഞ്ഞുങ്ങളെ കാണാൻ ഇതുവരെ പോകാനായില്ല. മസ്‌കറ്റിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിചെയ്തിരുന്ന സാവിയോയ്ക്ക് മാർച്ച് 17 നാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. സുഹൃത്തിൽ നിന്നാണ് വൈറസ് ബാധ ഉണ്ടായത്. ചികിത്സയ്ക്കിടെ ഡോക്ടർക്കും നഴ്‌സിനും കൊവിഡ് ബാധിച്ചു. ജൂൺ 28 ന് നാട്ടിലെത്തി. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നു. വീട്ടിൽ 14 ദിവസത്തെ വിശ്രമത്തിനു ശേഷം ജൂലായിൽ വീണ്ടും കൊവിഡ് ലക്ഷണം പ്രകടമായതോടെ 18 നു സ്രവം പരിശോധനയ്ക്ക് അയച്ചു. 22 ന് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടാഴ്ചയിലെ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ സാവിയോയ്ക്ക് സെപ്തംബർ മൂന്നിന് വീണ്ടും ലക്ഷണം പ്രകടമായി. പരിശോധനയിൽ മൂന്നാം വട്ടവും പൊസിറ്റീവായി. മെഡിക്കൽ കോളേജിലെത്തി ചികിത്സയ്ക്കുശേഷം ഒരാഴ്ച കഴിഞ്ഞ് നെഗറ്റീവ് ആയ സാവിയോ ഇപ്പോൾ വിശ്രമത്തിലാണ്. 73 വയസു കഴിഞ്ഞ അച്ഛൻ സെബാസ്റ്റ്യൻ മാറിത്താമസിക്കുകയാണ്. 60 കഴിഞ്ഞ അമ്മയ്‌ക്കോ മറ്റുള്ളവർക്കോ ഇതുവരെ കൊവിഡ് വന്നിട്ടില്ല. ഭാര്യയും കുട്ടികളും കോഴിക്കോട്ടെ വീട്ടിലാണ്.
ആരോഗ്യവകുപ്പ് പറയുന്നത്
അപൂർവമായി മാത്രം നാലു മാസം വരെ ചിലർക്ക് വൈറസ് പ്രകടമാകാം. ഇതേക്കുറിച്ച് പൊതുവായി പഠനം നടക്കുന്നില്ലെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ഗവേഷണങ്ങൾ നടന്നുവരുന്നുണ്ട്.
കൊവിഡ് ബാധിതർ ഒന്നരലക്ഷം, പ്രതിദിനരോഗികൾ 6000 കവിഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികൾ 6000 കടന്നു. ഇന്നലെ 6324 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗംബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. 1,54,456 പേരാണ് കൊവിഡ് ബാധിതരായത്. പുതിയ രോഗികളിൽ 5321 പേർ സമ്പർക്കരോഗികളാണ്. 628 പേരുടെ ഉറവിടം വ്യക്തമല്ല. 21 മരണങ്ങളും സ്ഥിരീകരിച്ചു. പ്രതിദിന ഏറ്റവും ഉയർന്ന മരണനിരക്കാണിത്.
3168 പേർ രോഗമുക്തരായി. ഇന്നലെ 883 കേസുകളുമായി ഏറ്റവും കൂടുതൽ പേർ രോഗബാധിതരായത് കോഴിക്കോടാണ്. തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂർ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂർ 406, പാലക്കാട് 353, കോട്ടയം 341, കാസർകോട് 300, പത്തനംതിട്ട 189, ഇടുക്കി 151, വയനാട് 106 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗവ്യാപന നിരക്ക്. കഴിഞ്ഞ 24മണിക്കൂറിനിടെ 54,989 സാമ്പിളുകളാണ് പരിശോധിച്ചത്.
ചികിത്സയിലുള്ളവർ 45,919
രോഗമുക്തർ 1,07,850
ആകെ മരണം 613