samaram

അളഗപ്പ ടെക്സ്റ്റയിൽസിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സത്യഗ്രഹം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു.

ആമ്പല്ലൂർ: ലോക്ക്ഡൗൺ നിയന്ത്രണ ഇളവുകൾക്ക് ശേഷം മറ്റെല്ലാ ടെക്‌സ്‌റ്റൈൽ മില്ലുകളും തുറന്ന് പ്രവർത്തനമാരംഭിച്ചിട്ടും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ടി.സിയുടെ കീഴിലുള്ള മില്ലുകൾ തുറക്കാതെ പതിനായിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലാക്കുന്ന തൊഴിലാളി ദ്രോഹനയങ്ങൾ കേന്ദ്ര സർക്കാർ തിരുത്തണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ആവശ്യപ്പെട്ടു. ടെക്‌സ്‌റ്റൈൽ മില്ലുകൾ പൂട്ടിയിട്ട് ആറു മാസം പൂർത്തിയായ ദിനത്തിൽ സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ മിൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോമൻ മുത്രത്തിക്കര അദ്ധ്യക്ഷത വഹിച്ചു. അശോകൻ, രാഗേഷ് കണിയാംപറമ്പിൽ, സോജൻ ജോസഫ്, വി.എസ്. ജോഷി, കെ.എം. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

വൈകീട്ട് നടന്ന സമാപന യോഗം ബി.എം.എസ് ജില്ലാ പ്രസിഡന്റ് എ.സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടെക്‌സ്‌റ്റൈൽ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യപ്രഭാഷണം നടത്തി. കെ. ഗോപാലകൃഷ്ണൻ, കെ. ഉണ്ണിക്കൃഷ്ണൻ, ആന്റോ ഇല്ലിക്കൽ, എം.തുളസീദാസ്, പി.കെ. ശേഖരൻ എന്നിവർ പ്രസംഗിച്ചു.