
തൃശൂർ: ലൈഫ് മിഷനിലൂടെ നെടുപുഴ പനമുക്ക് ലക്ഷം വീട് കോളനി നിവാസികൾക്ക് യാഥാർത്ഥ്യമായത് ഒറ്റവീടെന്ന സ്വപ്നം. കോളനിയിലെ പതിമൂന്ന് ഇരട്ട വീടുകളാണ് ഇരുപത്തിയാറ് ഒറ്റ വീടുകളായി മാറിയത്.
വീടുകളുടെ താക്കോൽദാനം മന്ത്രി എ. സി മൊയ്‌തീൻ നിർവഹിച്ചു. 48 വർഷം പഴക്കമുള്ള നെടുപുഴ ഡിവിഷനിലെ ഇടിഞ്ഞു വീഴാറായ ഇരട്ട വീടുകളാണ് ഇങ്ങനെ മാറ്റിയത്. തൃശൂർ കോർപറേഷൻ ഓരോ വീടിനും നാലു ലക്ഷം രൂപ വീതമാണ് വകയിരുത്തിയത്. 13 ഇരട്ട വീടുകളിലായി 26 കുടുംബങ്ങൾ ഒറ്റ മേൽക്കൂരയ്ക്ക് കീഴിൽ അപ്പുറവും, ഇപ്പുറവും കഴിയുകയായിരുന്നു. 650 ചതുരശ്ര അടി വിസ്‌തീർണമുള്ള വീടുകളാണ് നാല് സെന്റിൽ നിർമ്മിച്ചിട്ടുള്ളത്. വീടുകളുടെ അതിർത്തി നിർണയിച്ചു നൽകി. കോളനിയിലേക്കുള്ള റോഡിൻ്റെ ടാറിംഗും പൂർത്തീകരിച്ചു. കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കി. ഇവിടെ മിനി കമ്മ്യൂണിറ്റി ഹാളും, അങ്കണവാടിയുമുണ്ട്.
ലൈഫ് മിഷൻ പദ്ധതിയിൽ കോർപറേഷൻ പരിധിയിൽ 1,279 വീടുകളുടെ നിർമാണം ആരംഭിച്ചതിൽ 857 വീടുകളുടെ പണി പൂർത്തിയാക്കി. നെടുപുഴ മിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മേയർ അജിത ജയരാജൻ അദ്ധ്യക്ഷയായി. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, നെടുപുഴ ഡിവിഷൻ കൗൺസിലർ ഷീബ പോൾസൺ തുടങ്ങിയവർ പങ്കെടുത്തു.
സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി
തൃശൂർ : സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് നാല് മാസത്തേക്ക് കൂടി തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജില്ലയിൽ ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മേയർ അജിത ജയരാജൻ നിർവഹിച്ചു. തൃശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ 12 എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.
ജില്ലയിലെ 8,48,000 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഒരു കിലോഗ്രാം പഞ്ചസാര, ആട്ട, ഉപ്പ്, 750 ഗ്രാം കടല, ചെറുപയർ, 250 ഗ്രാം സാമ്പാർ പരിപ്പ്, അര ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം മുളക്പൊടി എന്നിവയാണ് ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ വരെയുള്ള നാല് മാസങ്ങളിൽ എല്ലാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭ്യമാകും.
എ.എ.വൈ കാർഡുടമകൾക്ക് 24 മുതൽ 28 വരെയും 29, 30 തിയതികളിൽ മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും കിറ്റ് വിതരണം ചെയ്യും. കാർഡ് നമ്പർ അവസാനിക്കുന്ന അക്കത്തെ അടിസ്ഥാനമാക്കി റേഷൻകടകളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കൗൺസിലർ കെ. മഹേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫീസർ കെ. അയ്യപ്പദാസ്, താല്ലൂക്ക് സപ്ലൈ ഓഫീസർ ജോസി ജോസഫ്, ഡിപ്പോ മനോജർ പി.ആർ ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.