കാഞ്ഞാണി: ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിച്ച് അഞ്ചാം വാർഡിൽ കെട്ടിട നിർമ്മാണം നടക്കുന്നതായി പരാതി. മണലൂർ പഞ്ചായത്തിലെ കാഞ്ഞാണി അഞ്ചാം വാർഡിൽ കൊവിഡ് അനിയന്ത്രിതമായി തുടരുന്നതിനാൽ കഴിഞ്ഞ 23ന് കളക്ടർ ട്രിപ്പിൾ സോണായി അഞ്ചാം വാർഡും കണ്ടെയ്ൻമെന്റ് സോണുകളായി 4, 6 വാർഡുകളും പ്രഖ്യാപിച്ചിരുന്നു.

ഇത് ലംഘിച്ചാണ് അഞ്ചാം വാർഡിൽ സ്വകാര്യ ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം നടക്കുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തുവാൻ പാടില്ലെന്നുള്ള നിയമം ലംഘിച്ചാണ് പത്തോളം അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കെട്ടിട നിർമ്മാണം നടത്തുന്നത്. ഈ നിയമലംഘനം അന്തിക്കാട് പൊലിസിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും മണലൂർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ഡി ബിമൽ കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം 12-ാം വാർഡിൽ കൊവിഡ് മൂലം വയോധികൻ മരിച്ചതും കൊവിഡിന്റെ ഉറവിടം കണ്ടെത്താനാകാത്തതും ആശങ്കയിലാക്കിരിക്കുകയാണ്. ജനപ്രതിനിധിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജീവനക്കാർ ഉൾപ്പെടെ ക്വാറന്റൈനിലാണ്. 26ന് മണലൂർ ഗവ. ഹയർ സെക്കൻഡറി സ്കുളിൽ ആന്റിജൻ ടെസ്റ്റ് സെന്റർ ആരംഭിക്കുമെന്നും പഞ്ചായത്ത് ജനപ്രതിനിധികൾ ഉൾപ്പെടെ 150 പേരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.