ചാലക്കുടി: ഒരിടവേളയ്ക്ക് ശേഷം നഗരസഭ വീണ്ടും കൊവിഡിന്റെ പിടിയിലായി. പോട്ട പ്രശാന്തി ആശുപത്രി വാർഡിലാണ് ഇപ്പോൾ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. മൂന്നു കുടുംബങ്ങളിലായി ഒമ്പതു പേർക്ക് വൈറസ് ബാധയുണ്ടായതിനെ തുടർന്ന് വാർഡ് കണ്ടെയ്‌ൻമെന്റ് സോണാക്കിയിട്ടുണ്ട്. പോട്ട ആശ്രമത്തിന് സമീപം ചായക്കടയുടമയ്ക്കുണ്ടായ രോഗബാധയുടെ സമ്പർക്കമാണ് മറ്റിടങ്ങളിലെ വ്യാപനത്തിന് ഇടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് ആദ്യം വാരം തൊട്ടടുത്ത വി.ആർ. പുരം വാർഡിൽ നിരവധി ആളുകൾ കൊവിഡ് രോഗികളായിരുന്നു. ഇവിടെ ഇതിനകം മുപ്പതോളം ആളുകളിൽ രോഗം ബാധിച്ചു. പലവട്ടം വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കുകയും ചെയ്തു. എന്നാൽ ജനങ്ങൾ പലപ്പോഴും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ ചെവി കൊണ്ടില്ലെന്ന് പരക്കെ പരാതി ഉയർന്നിരുന്നു. കൂടപ്പുഴ വെട്ടുകടവ് വാർഡിലും രോഗികളുടെ എണ്ണം കൂടി. പോട്ടയുടെ വിവിധ ഭാഗങ്ങളിലും പുതിയ രോഗ ബാധിതരുണ്ടായി. ജൂലായ് രണ്ടാം വാരത്തിൽ ചുമട്ടു തൊഴിലാളികൾക്കും മറ്റും വ്യാപകമായി കൊവിഡ് പിടിപെട്ടത് ചാലക്കുടിയെ ഏറെ ആശങ്കയിലാക്കിയിരുന്നു.
ചാലക്കുടി നിയോജക മണ്ഡലത്തിൽ വ്യാഴാഴ്ച 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭ പരിധിയിൽ എട്ടാളുകൾക്കാണ് പുതുതായി രോഗബാധ. കൊരട്ടി പഞ്ചായത്തിൽ മൂന്നു പേരിലും രോഗം കണ്ടെത്തി. പരിയാരത്ത് രണ്ടും കോടശേരിയിൽ ഒരാൾക്കുമാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്.