കൊടുങ്ങല്ലൂർ: മത ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വ്യാപകമായി വെട്ടിമാറ്റാനുള്ള ശ്രമത്തെ ചൊല്ലി കൊടുങ്ങല്ലൂർ നഗരസഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരുടെ വോട്ട് വൻതോതിൽ വെട്ടിമാറ്റാൻ ശ്രമം നടക്കുന്നതായി സി.പി.ഐ കൗൺസിലറും, മുൻ നഗരസഭാ ചെയർമാനുമായ സി.സി വിപിൻ ചന്ദ്രൻ യോഗത്തിൽ അഭിപ്രായപ്പെട്ടു. വിപിൻ ചന്ദ്രന്റെ അഭിപ്രായത്തെ മറ്റ് ഭരണപക്ഷ അംഗങ്ങളും, പ്രതിപക്ഷത്തെ കോൺഗ്രസും അനുകൂലിച്ചു.
കേരളത്തിൽ ഏറ്റവുമധികം വോട്ട് വെട്ടിമാറ്റാൻ അപേക്ഷ ലഭിച്ചിട്ടുള്ള നഗരസഭ കൊടുങ്ങല്ലൂരാണെന്ന് ഭരണപക്ഷ കൗൺസിലർമാർ പറഞ്ഞു. ഇതിനിടെ വോട്ട് വെട്ടി നീക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിയാണെന്ന് സി.പി.എം കൗൺസിലർ ടി.പി പ്രഭേഷിന്റെ പരാമർശത്തെ ചൊല്ലി ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധവുമായി എഴുന്നേൽക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്‌പോരുണ്ടായി.