covid

തൃശൂർ: അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിനൊപ്പം ജില്ലയിൽ സെപ്തംബറിലെ മരണ കണക്കും കുതിക്കുന്നു. ജില്ലയിലെ ആകെ രോഗികളുടെ എണ്ണം പതിനായിരം കടന്നപ്പോൾ ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗികളുടെയും മരണത്തിന്റെയും കണക്കുകളിൽ സെപ്തംബർ ഭയപ്പെടുത്തുന്നു. ആഗസ്റ്റ് വരെ അയ്യായിരത്തിന് താഴെ മാത്രം രോഗികളുണ്ടായിരുന്നപ്പോൾ സെപ്തംബറിൽ മാത്രം അയ്യായിരം രോഗികളുടെ വർദ്ധനവാണ് ഉണ്ടായത്. അതോടൊപ്പം തന്നെയാണ് മരണ നിരക്കും കൂടുന്നത്. സെപ്തംബറിൽ മാത്രം സർക്കാർ കണക്കനുസരിച്ച് 27 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചത്. കൊവിഡ് വ്യാപനം തുടങ്ങിയിട്ട് എട്ടുമാസത്തിനിടെ ആകെ മരണ സംഖ്യ 40 ആണെന്നിരിക്കെയാണ് സെപ്തംബറിൽ മാത്രം പകുതിയിലേറെ മരണം! അനൗദ്യോഗിക കണക്ക് അനുസരിച്ച് ജില്ലയിലെ കൊവിഡ് മരണങ്ങൾ അമ്പത് കടന്നെന്നാണ് വിവരം.

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തുകയും രോഗം നെഗറ്റീവ് ആയതിന് ശേഷം മറ്റു രോഗങ്ങളുമായി മരിച്ചാൽ കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്തില്ല. ഇന്നലെ ഒരു അദ്ധ്യപിക അടക്കം ജില്ലയിൽ രണ്ട് പേർ മരിച്ചപ്പോൾ ഒരാൾ മാത്രമാണ് കൊവിഡ് പട്ടികയിൽ വന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനുസരിച്ച് മരണ സംഖ്യ ഇനിയും ഏറാനാണ് സാദ്ധ്യതയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ഇതിനിടെ വെന്റിലേറ്റർ സൗകര്യം കുറഞ്ഞ് വരുന്നതായുള്ള റിപ്പോർട്ടുകളും ആശങ്ക വർദ്ധിപ്പിക്കുന്നു. സെപ്തംബർ 19ന് ഒരു ദിവസം നാലു പേരാണ് ജില്ലയിൽ മരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ദിവസമായി അഞ്ഞൂറിനടുത്താണ് എന്നതും ഭീതി വർദ്ധിപ്പിക്കുന്നു.

ആകെ മരണം - 40
സെപ്തംബറിൽ മാത്രം-27
ആകെ രോഗികളുടെ എണ്ണം-10191