തൃശൂർ: ഒരു മാരകവൈറസ് ലോകമെങ്ങും ഭീതി പരത്തുമ്പോൾ മനുഷ്യരിലെ ഭീതിയും ഉത്കണ്ഠയും അകറ്റാൻ പാട്ടുകൊണ്ട് പരിശ്രമിക്കുകയായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലൂടെയും അദ്ദേഹം ലോകവുമായി സംവദിച്ചു. അക്കൂട്ടത്തിലാണ് ലോക്ക്ഡൗൺ കാലത്ത് ചെന്നൈയിൽ നിന്ന് അദ്ദേഹം കുന്നംകുളത്തേയ്ക്ക് വിളിച്ചത്, ഗാനരചയിതാവ് റഫീക്ക് അഹമ്മദിനെ. എന്നിട്ട് പറഞ്ഞു: '' കൊവിഡിനെ ഭയന്നുകഴിയുന്ന മനുഷ്യരെ ആശ്വസിപ്പിക്കാൻ ഒരുപാട്ട് വേണം. മലയാളത്തിൽ എഴുതി വാട്ട്‌സ് ആപ്പിൽ അയച്ചോളൂ. സംഗീതം ഞാൻ നൽകിക്കൊള്ളാം... ''
പരസ്പരം വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആ വാക്കുകളിൽ മനുഷ്യബന്ധത്തിന്റേയും സ്‌നേഹത്തിന്റേയും കരുതലിന്റേയും സ്പർശം റഫീക്ക് തിരിച്ചറിഞ്ഞു. ഉടൻ തന്നെ വരികൾ അയച്ചുകൊടുത്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ വീട്ടിലിരുന്ന് തന്നെ സംഗീതത്തിലൂടെ എസ്.പി.ബി. ആ വരികൾക്ക് ജീവൻ നൽകി. മിനിറ്റുകൾക്കുള്ളിൽ സാമൂഹികമാദ്ധ്യമങ്ങളിൽ വൈറലായി.
ഏപ്രിലിന്റെ തുടക്കത്തിലായിരുന്നു അത്. മലയാളത്തോടുള്ള സ്‌നേഹവും സംഗീതസമർപ്പണത്തിലുണ്ടായിരുന്നു. 2003 ൽ റഫീക്ക് വരികൾ പകർന്ന ആൽബത്തിൽ പാടുമ്പോഴായിരുന്നു ആദ്യം അവർ പരസ്പരം സംസാരിക്കുന്നത്. പിന്നീടൊരിക്കൽ കേന്ദ്രസർക്കാരിന്റെ സ്വച്ഛ്ഭാരതുമായി ബന്ധപ്പെട്ട് ചില വരികളും അദ്ദേഹത്തിന് വേണ്ടി എഴുതിക്കൊടുത്തു. എടുത്തു പറയാവുന്ന ബന്ധം അത്രമാത്രം. പക്ഷേ, ഏറെ വിനയത്തോടെയും ബഹുമാനത്തോടെയുമുളള ആ വിളി മറക്കാനാവുന്നില്ല റഫീക്കിന്.
"കുട്ടിക്കാലത്ത് പാട്ടുകേട്ടപ്പോൾ മനസിൽ വളർന്നുവന്ന വലിയൊരു രൂപമായിരുന്നു എസ്.പി.ബി. ഗായകൻ എന്നതിലുപരി വലിയ മനുഷ്യസ്‌നേഹി. അങ്ങേയറ്റം വിനയാന്വിതൻ. ലാളിത്യത്തിന്റെ പ്രതീകം. അതൊക്കെയായിരുന്നു അദ്ദേഹം. ലോക്ക്ഡൗൺ കാലത്ത് പലരും മിണ്ടാതിരുന്നപ്പോൾ, കഴിയാവുന്ന കാര്യങ്ങൾ എല്ലാം അദ്ദേഹം ചെയ്തു. വാക്കുകളിലൂടെ ഒരുപാട് ആളുകൾക്ക് പ്രചാേദനം നൽകി. അതിന്റെ ഭാഗമായാണ് മലയാളത്തിൽ പാട്ട് വേണമെന്ന് തോന്നിയതും. മരണം ഒരു നഷ്ടം തന്നെയാണ്. അത് ആരായാലും. ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു കഴിഞ്ഞായിരിക്കും പലരും മടങ്ങുന്നത്. പക്ഷേ, ഈ പാട്ട് തന്നെ കേട്ടാൽ നമുക്ക് തോന്നും ഇനിയും ഒരു പാട് അദ്ദേഹത്തിൽ നിന്ന് ലഭിക്കുമായിരുന്നുവെന്ന്. ആലങ്കാരികമായുള്ള പറച്ചിലല്ല, തികച്ചും നഷ്ടം തന്നെയാണ് ഈ വിയോഗം.
റഫീക്ക് അഹമ്മദ്
ആ ഗാനമിതാ
ഒരുമിച്ചു നിൽക്കേണ്ട സമയം
ഇത് പൊരുതലിന്റെ, കരുതലിന്റെ സമയം
ഭയസംഭ്രമങ്ങൾ വേണ്ട, അതിസാഹസ ചിന്ത വേണ്ട
അതിജീവന സഹവർത്തന സഹനം മതി…
ഒരുമിച്ചു നിൽക്കേണ്ട സമയം…
പ്രാർത്ഥനകൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ….
മർത്ത്യസേവനത്തേക്കാൾ ഭാസുരമല്ല…
വാശികൾ, തർക്കങ്ങൾ, കക്ഷിഭേദങ്ങൾ
വിശ്വസങ്കടത്തിനുള്ളിൽ ഭൂഷണമല്ല….
മതജാതി വിചാരങ്ങൾ മറകൊള്ളുവിൻ,
മറിക്കടക്കാൻ ഇതൊന്നേ ശാസ്ത്രവിവേകം