തൃശൂർ: സെക്രട്ടേറിയേറ്റിലുണ്ടായ തീപിടുത്തം റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ നീക്കം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സംസ്‌കാരസാഹിതി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഫോർത്ത് എസ്റ്റേറ്റായ പത്രമാദ്ധ്യമങ്ങൾക്ക്‌ കോടതി കഴിഞ്ഞാൽ അടുത്ത സ്ഥാനമാണ് ജനാധിപത്യത്തിലുള്ളത്. ഈ പൊതുജനവിശ്വാസത്തെ ഭരണകൂടത്തിന് തകർക്കാനാവില്ല. മാദ്ധ്യമധർമ്മത്തെ തുറന്ന മനസോടെ കാണുന്നതിനുപകരം നിയമനടപടിയിലൂടെ കടിഞ്ഞാണിടുന്നത് പരോക്ഷമായ സെൻസർഷിപ്പാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ജില്ലാചെയർമാൻ ഡോ. അജിതൻ മേനോത്ത് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർമാൻ ഡോ. പി.വി. കൃഷ്ണൻനായർ, ജില്ലാ കൺവീനർ അഡ്വ. എൽദോ പൂക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.