kayack

കൊടുങ്ങല്ലൂർ: ടൂറിസം വികസനത്തിന് പുത്തൻ ഉണർവേകാൻ കൊടുങ്ങല്ലൂരിൽ കയാക്കിംഗ് സെന്റർ വരുന്നു. നഗരസഭയുടെ കാവിൽക്കടവിലെ വി.കെ രാജൻ മെമ്മോറിയൽ പാർക്ക് കൂടുതൽ ആകർഷകമാക്കുന്നതിനും ജനോപകാരപ്രദമാക്കുന്നതിനുമാണ് മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ നഗരസഭ കയാക്കിംഗ് സെന്റർ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കി മുസിരിസുമായി നഗരസഭ കരാർ ഒപ്പിടുമെന്ന് നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും കയാക്കിംഗ് നടത്തുന്നതിനും കയാക്കിംഗ് പരിശീലനത്തിനുമായാണ് സ്ഥാപനം ആരംഭിക്കുന്നത്. വിനോദ സഞ്ചാരത്തിനായി ബോട്ട് സർവീസുകളും ഇതോടൊപ്പം ആരംഭിക്കാൻ പദ്ധതിയുണ്ട്. പദ്ധതിയുടെ നടത്തിപ്പ് ചുമതല പൂർണമായും മുസിരിസ് പൈതൃക പദ്ധതിയ്ക്കായിരിക്കും.

ആകർഷണീയം

വി.കെ രാജൻ മെമ്മോറിയൽ പാർക്ക്

കനോലികനാലിന്റെ തീരത്തുള്ള വി.കെ രാജൻ മെമ്മോറിയൽ പാർക്ക് 35 ലക്ഷം രൂപ ചെലവഴിച്ച് വിവിധ നവീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് പുനർനിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. നഗരസഭയുടെ 72 സെന്റ് സ്ഥലത്ത് 2003 ഒക്ടോബർ 5ന് ഉദ്ഘാടനം കഴിഞ്ഞ പാർക്ക് 2013ൽ വി.കെ രാജൻ സ്മാരക പാർക്ക് ആയി നാമകരണം ചെയ്തു. മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായരാണ് പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 2018ലെ പ്രളയത്തിൽ പാർക്കിലെ കെട്ടിടം ഉൾപ്പെടെ ഭാഗികമായി നശിച്ചു. തുടർന്ന് പാർക്കിൽ സന്ദർശകരില്ലാതായതോടെ പ്രവർത്തനം നിലച്ചു. പാർക്ക് പുനർനിർമ്മിക്കണമെന്ന ആവശ്യം ശക്തമായതോടെ നഗരസഭ പ്ലാൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ച് ഫ്‌ളോർടൈൽ, ലാന്റ് സ്‌കേപിംഗ് തുടങ്ങിയ പ്രവൃത്തികൾ ആദ്യഘട്ടമെന്ന നിലയിൽ നടത്തി. തുടർന്ന് അഡ്വ വി.ആർ സുനിൽ കുമാർ എം. എൽ. എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് കുട്ടികൾക്ക് കളിയുപകരണങ്ങൾ വാങ്ങാൻ 25 ലക്ഷം രൂപ അനുവദിച്ചു. ഇതോടെ ആകർഷണീയമായ വിധത്തിൽ വി.കെ രാജൻ മെമ്മോറിയൽ പാർക്ക് പുന:സ്ഥാപിച്ചു.