ചാലക്കുടി: ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായുള്ള സമ്പൂർണ്ണ ശുചിത്വ നഗരസഭാ പദവി ചാലക്കുടി നഗരസഭയ്ക്ക് ലഭിച്ചു. സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കൽ ബി.ഡി. ദേവസി എം.എൽ.എ നിർവഹിച്ചു. നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഓൺ ലൈനിലൂടെയാണ് എം.എൽ.എ പ്രഖ്യാപനം നടത്തിയത്. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിജി സദാനന്ദൻ, സെക്രട്ടറി എം.എസ്. ആകാശ് എന്നിവർ സംസാരിച്ചു.
ചടങ്ങ് ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം
മാലിന്യ സംസ്‌കരണം പൂർണ്ണ പരാജയമാണെന്ന് ആരോപിച്ച് ചാലക്കുടി നഗരസഭയുടെ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പന്റെ നേതൃത്തിൽ 16 യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ നിന്നും വിട്ടുനിന്നു. ദേശീയ പാതയോരത്ത് തണ്ണീർത്തടത്തിൽ ടൺ കണക്കിന് മാലിന്യങ്ങളാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും ഇവ ഘട്ടംഘട്ടമായി നീക്കം ചെയ്യുമെന്ന ഉറപ്പ് കാറ്റിൽ പറത്തിയെന്നും ഇതു സംബന്ധിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ വി.ഒ. പൈലപ്പൻ ചൂണ്ടിക്കാട്ടി. ഖര മാലിന്യ സംസ്‌കരണത്തിന് മൂന്നര കോടി രൂപയുടെ പദ്ധതി തയ്യാറാക്കുകയും പ്രസ്തുത തുക ലഭ്യമാക്കുകയും ചെയ്തിട്ടും ഒന്നും പ്രാവർത്തികമാക്കിയില്ല. പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന കേന്ദ്രം കത്തിപ്പോയിട്ട് ഒരുവർഷം പിന്നിടുന്നു. ഇതുവരേയും ബദൽ സംവിധാനം ഏർപ്പെടുത്തിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഷിബു വാലപ്പൻ. അഡ്വ.ബിജു എസ്.ചിറയത്ത് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.