ചാലക്കുടി: നിയോജക മണ്ഡലം പരിധിയിൽ ഇന്നലെ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭാ പരിധിയിൽ നാലുപേരിലാണ് രോഗം. കൂടപ്പുഴ ആറാട്ടുകടവിന് സമീപം യുവതിക്ക് വൈറസ് ബാധ കണ്ടെത്തി. നഗരത്തിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയാണ്. കണ്ണമ്പുഴ വാർഡിലും ഒരാൾക്ക് രോഗബാധയുണ്ട്. എലിഞ്ഞപ്ര കൊട്ടാരം റോഡിൽ രണ്ട് ഇതര സംസ്ഥാനക്കാരായ നിർമ്മാണ തൊഴിലാളികളിലും രോഗം കണ്ടെത്തി. ഇവിടെത്തന്നെ ദമ്പതികൾക്കും രോഗം പിടിപെട്ടു. മുരിങ്ങൂർ, കാടുകുറ്റി എന്നിവിടങ്ങളിലും ഓരോ വൈറസ് ബാധിതരുണ്ട്.

കൊവിഡ് വ്യാപനം വ്യക്തമാകുന്നതിന് കോടശേരി പഞ്ചായത്തിൽ പരിശോധന വ്യാപകമാക്കുന്നു. വെള്ളിയാഴ്ച നടന്ന 80 പേരുടെ ആന്റിജൻ പരിശോധയനിൽ മൂന്നു പേർക്ക് വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്നാണ് മലയോര പഞ്ചായത്തിൽ കൂടുതൽ പരിശോധന നടത്തുന്നതെന്ന് പ്രസിഡന്റ് ഉഷ ശശിധരൻ അറിയിച്ചു. അടുത്തയാഴ്ച ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വിവിധ കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. നായരങ്ങാടി ഇ.എം.എസ് ഓഡിറ്റോറിയത്തിലാണ് പരിശോധന.