പെരിങ്ങോട്ടുകര: സേതുബന്ധനത്തിന്റെ സ്മരണ പുതുക്കുന്ന ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറ ചിറകെട്ടോണം ഇന്ന് നടക്കും. കൊവിഡ 19ന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെയാണ് ചടങ്ങ്. രാമായണത്തിൽ ശ്രീരാമൻ സമുദ്രലംഘനത്തിനായി നടത്തിയ സേതുബന്ധനമാണ് ചടങ്ങിന്റെ അടിസ്ഥാനം. എല്ലാവർഷവും ചിറകെട്ടി പുതുക്കുന്ന ഭൂമിയിലെ ഒരേയൊരു ചടങ്ങാണിത്. പുലർച്ചെ 3ന് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നിയമവെടി പൊട്ടുമ്പോൾ അവകാശി തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് പൂജ നടത്തും. തുടർന്ന് പ്രദേശവാസികൾ ഈ ചടങ്ങ് നിർവഹിച്ച് വറുത്ത അരിയും പയറും പുടവയും നിവേദിക്കും. വൈകീട്ട് തൃപ്രയാർ തേവർ എഴുന്നള്ളിയതിനുശേഷം പരമ്പരാഗത രീതിയിൽ പൂജയും സേതുബന്ധനവന്ദനവും നടക്കും. കൊട്ടാരവളപ്പിൽ മഹാവിഷ്ണുക്ഷേത്രത്തിൽ വിഭവസമർപ്പണത്തോടെ ചടങ്ങുകൾ അവസാനിക്കും. പുതിയ ചിറയിൻമേൽ പത്മമിട്ട് വെള്ളയും കരിമ്പടവും വിരിച്ച് തൃപ്രയാർ തേവർക്ക് പള്ളി കൊള്ളുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.