കയ്പമംഗലം: മന്ത്രി കെ.ടി. ജലീലിൽ രാജി വയ്ക്കണമെന്നും, സംസ്ഥാനത്തുടനീളം പൊലീസിന്റെ അക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കയ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മതിലകം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഷെഫീക്ക്, യൂത്ത് കോൺഗ്രസ് കയ്പമംഗലം മണ്ഡലം പ്രസിഡന്റ് പി.എ. അനസ്, നസീർ , യൂത്ത് കോൺഗ്രസ് എസ്.എൻ പുരം മണ്ഡലം പ്രസിഡന്റ് വാണി പ്രയാഗ്, അക്മൽ, അൻസിർ, സന്ദീപ് , നൗഷാദ് , ഷെക്കീർ , കിരൺ ലിയോ, വൈശാഖ് എന്നിവരെ പെരിഞ്ഞനം കുറ്റിലക്കടവ് ഗവ.ആശുപത്രിയിലും, എടത്തിരുത്തി സ്വദേശി അക്ഷയിനെ കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. സമരക്കാരുടെ ആക്രമണത്തിൽ മതിലകം എസ്.ഐക്കും മൂന്ന് വനിതാ പൊലീസുകാർക്കും പരിക്കേറ്റു. മതിലകം പള്ളി വളവിൽ നിന്നാരംഭിച്ച മാർച്ച് മതിലകം സെന്ററിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിനെ തുടർന്ന് സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. യൂത്ത് കോൺഗ്രസ് എസ്.എൻ പുരം മണ്ഡലം പ്രസിഡന്റ് വാണി പ്രയാഗ്, യൂത്ത് കോൺഗ്രസ് കയ്പമംഗലം മണ്ഡലം പ്രസിഡന്റ് പി.എ. അനസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും, സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ജലപീരങ്കിയും, ടിയർ ഗ്യാസ് എന്നിവയും സ്ഥലത്തുണ്ടായിരുന്നു.