മാള: അന്നമനട പഞ്ചായത്തിന്റെ കെട്ടിടത്തിൽ നിന്ന് കെ.എസ്.ഇ.ബി ഓഫീസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് നിരവധി കത്തിടപാടുകൾ നടത്തിയിട്ടുണ്ടെന്ന വാദവുമായി സി.പി.ഐ രംഗത്തെത്തി. കെ.എസ്.ഇ.ബിയുടെ യാതൊരു കത്തും ലഭിച്ചിട്ടില്ലെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അവകാശവാദം വാസ്തവ വിരുദ്ധമാണെന്ന് സി.പി.ഐ അന്നമനട ലോക്കൽ കമ്മറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.എസ്.ഇ.ബി നടത്തിയ കത്തിടപാടുകളുടെ രേഖകളും സി.പി.ഐ ഹാജരാക്കി. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് മാറ്റുന്നതിന് ചിലർ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. ഇതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 28ന് സി.പി.ഐയുടെ നേതൃത്വത്തിൽ പഞ്ചായത്തിനെതിരെ സമരം പ്രഖ്യാപിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.കെ. അനിലൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.പി. സലി എന്നിവർ പങ്കെടുത്തു.