അന്തിക്കാട്: നാട്ടിക മണ്ഡലത്തിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണവും നിർമ്മാണ ഉദ്ഘാടനവും 29ന് രാവിലെ 11.30ന് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ വീഡിയോ കൊൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് വി.ഐ. അബുബക്കർ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ശ്രീവൽസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയായിരിക്കും.
സംസ്ഥാന സർക്കാർ ഹാർബർ എൻജിനിയറിംഗ് വകുപ്പ് വഴി തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് നടപ്പിലാക്കുന്ന പദ്ധതിയാണ്.
മത്സ്യബന്ധന തുറമുഖ വകുപ്പ് അനുവദിച്ച 387.40 ലക്ഷം ചെലവഴിച്ച് താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിൽ
മൂന്ന് റോഡുകൾ പൂർത്തിയാക്കുകയും 10 റോഡുകളുടെ നിർമ്മാണത്തിനുമാണ് തുടക്കം കുറിക്കുന്നത്. വലപ്പാട്, തളിക്കുളം, നാട്ടിക പഞ്ചായത്തുകളിൽ ഉൾപ്പെടെ 26 റോഡുകളാണ് മണ്ഡലത്തിൽ നിർമ്മിക്കുന്നത്. എല്ലാ റോഡുകൾക്കുമായി
885 ലക്ഷം രൂപ മണ്ഡലത്തിൽ ചെലവഴിക്കും. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ശാലിനിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.