ചേലക്കര: പഞ്ചായത്തിലെ 12-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തെ മുഴുവൻ പാടങ്ങളിലെയും കൃഷിപ്പണികൾ ചെയ്തു കൊടുക്കാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർ കെ.എസ്.ശ്രീകുമാർ വിളിച്ചു ചേർത്ത കർഷകരുടെ യോഗത്തിലാണ് കൃഷിക്കാർ പണിക്ക് ആളെ കിട്ടാനില്ലെന്ന പ്രശ്‌നം ഉന്നയിച്ചത്. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗം ചേർന്നു. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളെ പണികൾക്ക് ലഭ്യമല്ലെന്ന സാഹചര്യത്തിൽ 12ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ മുഴുവൻ പേരും പാടത്തേക്കിറങ്ങാൻ തീരുമാനിച്ചു. പാടത്തെ പണികൾ പൂർത്തീകരിച്ചേ ഇനി തൊഴിലുറപ്പ് പണികൾ ചെയ്യൂ. മുഴുവൻ തൊഴിലാളികളും പാടത്തേക്കിറങ്ങുക വഴി പണ്ടെങ്ങോ നഷ്ടപ്പെട്ട കാർഷിക സംസ്‌കാരം സ്വന്തം പ്രദേശത്ത് തിരിച്ചു കൊണ്ടുവരിക എന്നതും ലക്ഷ്യമിടുന്നു.

പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. ശാന്തകുമാരി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഗായത്രി ജയൻ അദ്ധ്യക്ഷയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. ശ്രീകുമാർ, അരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അച്ചൻകുഞ്ഞ്, പാടശേഖര സമിതി പ്രസിഡന്റ് ടി. ദാമോദരനുണ്ണി മാഷ് എന്നിവർ സന്നിഹിതരായി.