ചാലക്കുടി: കൊവിഡ് മാനദണ്ഡം പാലിച്ച് അതിരപ്പിള്ളിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കണമെന്ന് അതിരപ്പിള്ളി റിസോർട്ട്‌സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര മേഖലയായ അതിരപ്പിള്ളിയിൽ പ്രവർത്തിക്കുന്ന 60 ഓളം വരുന്ന റിസോർട്ടുകൾ വലിയ പ്രതിസന്ധിയിലായെന്ന് യോഗം ചൂണ്ടിക്കാട്ടി. അഞ്ഞൂറിൽ കൂടുതൽ വരുന്ന ജീവനക്കാരും അവരുടെ കുടുംബവും നട്ടംതിരിയുകയാണ്.
രണ്ട് മാസമായി റിസോർട്ടുകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും സഞ്ചാരവിലക്ക് ഉള്ളതിനാൽ വരുമാനം പൂർണ്ണമായും നിലച്ചു. ലക്ഷങ്ങളും കോടികളും വായ്പയെടുത്ത് തുടങ്ങിയ റിസോർട്ടുകൾ മൊറട്ടോറിയം കഴിഞ്ഞതോടെ പണം തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് എ.ജി. മുരളീധരൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജോമോൻ പുതുവ, ട്രഷറർ സി.ബി. അരുൺ, ആൽബി ജോസഫ് എന്നിവർ പ്രസംഗിച്ചു.