തൃശൂർ: സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പ് 5.08 കോടി രൂപ ചെലവിൽ നിർമ്മിച്ച കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് സ്‌കൂൾ സ്റ്റേഡിയം ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനായി അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.സി. മൊയ്തീൻ മുഖ്യാതിഥിയാകും. രമ്യ ഹരിദാസ് എം.പി, കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, കായിക യുവജന സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡയറക്ടർ ജെറോമിക് ജോർജ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മെഴ്‌സിക്കുട്ടൻ, കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുക്കും. പോപ് അപ് സ്പ്രിംഗ്ലർ സംവിധാനത്തോടെയുള്ള ഫിഫ നിലവാരത്തിൽ നിർമിച്ച നാച്വറൽ ഫുട്‌ബാൾ ഗ്രൗണ്ട്, ഗാലറി, ചുറ്റുമതിൽ, ഡ്രെയിനേജ് സംവിധാനം, ലാൻഡ് ഡെവലപ്‌മെന്റ്, പാർക്കിംഗ് സംവിധാനം, നിലവിലെ കെട്ടിടത്തിന്റെ നവീകരണം എന്നിവയാണ് ഒന്നാം ഘട്ടമെന്നോണം പൂർത്തിയായിട്ടുള്ളത്.