ayush

തൃശൂർ: ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധ വർദ്ധിക്കുകയും ഡോക്ടർമാർ അടക്കമുള്ളവരുടെ ക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് സർക്കാർ സർവീസിലുള്ളവർക്ക് പുറമേ സ്വകാര്യ ആയുർവേദ ഡോക്ടർമാരെയും നിയോഗിക്കും. വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ സന്നദ്ധരാകുന്ന കൊവിഡ് ബാധിതർക്ക് പൾസ് ഓക്‌സിമീറ്ററടക്കമുള്ള സൗകര്യങ്ങൾ ആരോഗ്യവകുപ്പ് എത്തിച്ചുനൽകുന്നുണ്ടെങ്കിലും പലർക്കും വീടുകളിൽ സൗകര്യങ്ങളില്ല. അതുകൊണ്ടു തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൂടുതൽ പേരെത്തുന്നുണ്ട്. താൽപ്പര്യമുള്ള ആയുർവേദ ഡോക്ടർമാർ ബയോഡാറ്റയും ടി.സി.എം.സി സർട്ടിഫിക്കറ്റും സഹിതം ആരോഗ്യ കേരളം തൃശൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. നിയമനം താത്കാലിക അടിസ്ഥാനത്തിലാണ്. നേരിട്ട് എത്താൻ കഴിയാത്തവർക്ക് arogyakeralamthrissur@gmail.com എന്ന വെബ്‌സൈറ്റിൽ ബയോഡാറ്റ നൽകാം. നിലവിൽ ആരോഗ്യകേരളം വഴി താത്കാലികമായി നിയമിക്കപ്പെട്ടവർക്കുള്ള വേതനവും ഇൻക്രിമെന്റും നൽകും.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായപ്പോഴാണ് ആയുർവേദ, ഹോമിയോ, സിദ്ധ ഡോക്ടർമാരെ ചികിത്സയ്ക്കായി നിയോഗിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ഇവരെ നിയോഗിച്ചു. എന്നാൽ പഠിച്ച ചികിത്സാരീതികളും മരുന്നും പ്രയോഗിക്കാൻ അവസരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർന്നിരുന്നു. ഭാരതീയ ചികിത്സാ വകുപ്പിന്റെ അമൃതം പദ്ധതി പ്രകാരം, ക്വാറന്റൈനിലായിരിക്കെ ആയുർവേദ മരുന്ന് കഴിച്ചത് 2,65,000 പേരായിരുന്നു. ആദ്യഘട്ടത്തിൽ മരുന്ന് കഴിച്ച 1,01,218 പേരിൽ കൊവിഡ് ബാധിതരായത് 342 പേർ (0.342 ശതമാനം) മാത്രമായിരുന്നു. ആയുർവേദമരുന്ന് നൽകിയ ശേഷം പൊസിറ്റീവായ 577 പേരിൽ വിശദമായ പഠനവും നടത്തിയിരുന്നു.

വീടുകളിൽ സൗകര്യമില്ലാത്തവർ നിരവധി


ദിവസവും രണ്ട് നേരം ശരീരോഷ്മാവ് പരിശോധിച്ചും ആരോഗ്യസ്ഥിതി സൂക്ഷ്മമായി വിലയിരുത്തിയുമാണ് ഹോം കെയർ ലഭ്യമാക്കുന്നത്.

60 വയസിന് മുകളിലുള്ളവർക്കും 10 വയസിന് താഴെയുള്ളവർക്കും വീടുകളിൽ ചികിത്സയിൽ കഴിയാൻ അനുമതിയില്ല. ഹൃദ്രോഗം, കാൻസർ, പ്രമേഹം, മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ ഉള്ളവർക്കും ഹോം കെയർ ലഭിക്കില്ല.

സ്രവ പരിശോധനയിൽ പൊസിറ്റീവാണെന്നു കണ്ടാൽ ഹോം കെയറിനു താൽപര്യമുള്ളവർ ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തണം. കാര്യമായ ലക്ഷണങ്ങളില്ലെങ്കിൽ കൊവിഡ് ബാധിതരെ വീടുകളിലെത്തിക്കും. വീടുകളിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള കുടുംബാംഗങ്ങളുണ്ടെങ്കിൽ ഇവരെ മാറ്റിപ്പാർപ്പിക്കണം. ശുചിമുറി സൗകര്യമുള്ള മുറിയിലാണ് രോഗബാധിതർ കഴിയേണ്ടത്. ഭൂരിഭാഗം പേർക്കും ഇത്തരം സൗകര്യങ്ങളില്ലാതായതോടെയാണ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലേക്ക് നിരവധി രോഗികളെത്താൻ തുടങ്ങിയത്.

" സി.എഫ്.എൽ.ടി സെന്ററുകളിൽ ആയുർവേദ ഡോക്ടർമാർക്ക് എല്ലാ സുരക്ഷിതത്വവുമുണ്ടാകും. ഭക്ഷണവും താമസ സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.

ഡോ. ടി.വി. സതീശൻ

ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യ കേരളം