തൃശൂർ: പ്ലസ് വൺ ഹയർസെക്കൻഡറി ഏകജാലക പ്രവേശനത്തിലെ മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷാർത്ഥികൾക്ക് www.hscap.gov. in എന്ന ലിങ്കിൽ കയറി അലോട്ട്‌മെന്റ് സ്ലിപ് എടുക്കാം. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 6 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം നേടാം. രണ്ടാംഘട്ടത്തിൽ സ്ഥിര പ്രവേശനമാണ് നേടേണ്ടത്. ഈ ദിവസങ്ങളിൽ ഏകജാലക പ്രവേശനം, സ്‌പോർട്ട്‌സ് ക്വാട്ട പ്രവേശനം, കമ്യൂണിറ്റി ക്വാട്ട പ്രവേശനം, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം എന്നിവ നടക്കുന്നുണ്ട്. ഏതെങ്കിലും ഒരു ക്വാട്ടയിൽ ചേർന്നാൽ മറ്റു ക്വാട്ടകളിലെ അവസരം നഷ്ടപ്പെടും. ഒരു ക്വാട്ടയിൽ ചേർന്ന് ടി.സി വാങ്ങി മറ്റു ക്വാട്ടയിൽ ചേരാൻ കഴിയില്ല. ഇക്കാര്യം വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. കാൻഡിഡേറ്റ് ലോഗിനിൽ ഫീ പേയ്‌മെന്റ് ലിങ്കിൽ ഫീസ് ഓൺലൈനായി അടക്കാൻ സൗകര്യമുണ്ട്. ഓൺലൈനായി അടക്കാൻ കഴിയാത്തവർക്ക് പ്രവേശനം നേടുന്ന സ്‌കൂളിൽ ഫീസ് അടയ്ക്കാം. ഇതുവരെ അപേക്ഷിക്കാത്തവർക്കും, അപേക്ഷിച്ചിട്ട് പ്രവേശനം ലഭിക്കാത്തവർക്കും, തെറ്റായ അപേക്ഷകൾ നൽകി പ്രവേശനം നിരസിക്കപ്പെട്ടവർക്കും ഒക്ടോബർ 9 മുതൽ പുതുതായി അപേക്ഷിക്കാൻ അവസരമുണ്ട്.
കൈപ്പറമ്പ് ഇൻഡോർ
സ്റ്റേഡിയം ഉദ്ഘാടനം ഇന്ന്
കൈപ്പറമ്പ് : പഞ്ചായത്തിലെ ഇ.എം.എസ് മെമ്മോറിയൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ കായിക മന്ത്രി ഇ.പി ജയരാജൻ ഓൺലൈനായി അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.സി മൊയ്തീൻ ഭദ്രദീപം തെളിക്കും. രമ്യ ഹരിദാസ് എം.പി, അനിൽ അക്കര എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ജെ ആന്റോ തുടങ്ങിയവർ പങ്കെടുക്കും. കൈപ്പറമ്പ് പഞ്ചായത്ത് 3 കോടി രൂപ ചെലവിൽ നിർമിച്ചിട്ടുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ വിവിധ കായിക മത്സരങ്ങൾ നടത്താവുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ മത്സരങ്ങളും വീക്ഷിക്കാവുന്ന തരത്തിലുള്ള ഗാലറി, ലൈറ്റിംഗ് സംവിധാനം, മികച്ച പ്രതലം, ഡ്രസിംഗ് റൂം, ബാത് റൂം, ടോയ്ലറ്റ് സൗകര്യം, പാർക്കിംഗ് സംവിധാനം എന്നിവയും ഇവിടെ ആധുനിക രീതിയിൽ ഒരുക്കിയിട്ടുണ്ട്.