test

തൃശൂർ : കൊവിഡ് വ്യാപനം ലക്കില്ലാതെ കുതിക്കുന്നതിനിടെ പരിശോധനാ ഫലം വൈകുന്നത് സമ്പർക്ക സാദ്ധ്യത വർദ്ധിപ്പിക്കുന്നു. രോഗ വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ പ്രത്യേക കേന്ദ്രങ്ങളിൽ ആന്റിജൻ പരിശോധനയാണ് നടത്തുന്നത്. ഇവരിൽ പൊസിറ്റീവ് ആണെന്ന് കണ്ടാൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ ഇരിക്കാൻ നിർദ്ദേശിക്കുകയാണ് ചെയ്യുന്നത്.

തുടർന്ന് പൊസിറ്റീവ് റിസൽട്ടിന്റെ റിപ്പോർട്ട് ജില്ലാ ആരോഗ്യ വകുപ്പിന് കൈമാറുകയും കാറ്റഗറി അനുസരിച്ച് ഇവരെ എത് സ്ഥലത്താണ് പാർപ്പിക്കേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യും. എന്നാൽ സ്രവ പരിശോധനാ റിപ്പോർട്ട് പലപ്പോഴും വൈകുന്നത് മൂലം പൊസിറ്റീവ് ആകുന്നവരുടെ സമ്പർക്കം വർദ്ധിക്കും. കഴിഞ്ഞ ദിവസം കണിമംഗലത്ത് അന്റിജൻ പരിശോധന കഴിഞ്ഞ് പിറ്റേ ദിവസം മാത്രമാണ് പൊസിറ്റീവ് ആണെന്ന വിവരം ആരോഗ്യ വകുപ്പിൽ നിന്ന് അറിയുന്നത്. ആന്റിജൻ പരിശോധനയുടെ ഫലം ഒരു മണിക്കൂറിനുള്ളിൽ ലഭിക്കുമെന്നിരിക്കെയാണ് ഇത്രയും വൈകുന്നത്.

നേരത്തെ സ്രവ പരിശോധന നടത്തിയവർ ആരോഗ്യ വകുപ്പിന്റെ അനുമതി ഇല്ലാതെ പുറത്ത് പോകരുതെന്ന കർശന നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് ഫലപ്രദമായി നടപ്പിലാക്കാൻ ആരോഗ്യ വകുപ്പിന് സാധിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കാനും വിളിച്ചു പറയുന്നതിനുമുള്ള ജീവനക്കാരുടെ കുറവും പ്രതിരോധ പ്രവർത്തനം തടസമാകുന്നുണ്ട്.

ദിനംപ്രതി രോഗികളുടെ എണ്ണം കൂടുകയും രോഗം സ്ഥീരീകരിക്കുന്നവരിൽ 98 ശതമാനവും സമ്പർക്കത്തിലൂടെയാവുകയും ചെയ്തതോടെ പ്രതിരോധ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ് ആരോഗ്യ വകുപ്പ്. പല സ്ഥലങ്ങളിലും ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിക്കുന്നത് മൂലം അത്തരം മേഖലകളിലേക്ക് പുതിയ ജീവനക്കാരെ എത്തിക്കുകയും വേണം. ഓരോ സ്ഥലങ്ങളിലും മുപ്പത് മുതൽ അമ്പത് വരെ ആളുകൾക്കാണ് ഓരോ ദിവസവും പരിശോധന നടത്തുന്നത്.


പത്ത് ദിവസത്തിനുള്ളിൽ നാലായിരം

പത്ത് ദിവസത്തിനുള്ളിൽ നാലായിരം പുതിയ രോഗികളാണ് ജില്ലയിലുണ്ടായത്. രോഗികളുടെ എണ്ണം കൂടുമ്പോഴും പരിശോധനകളുടെ എണ്ണം കാര്യമായി വർദ്ധിച്ചിട്ടില്ല. സെപ്തംബർ 16 മുതൽ 26 വരെ കാൽ ലക്ഷത്തിലധികം പേർക്കാണ് ടെസ്റ്റ് നടത്തിയത്. ഇതിൽ നിന്നാണ് 4,263 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ആഗസ്റ്റ് മാസത്തിൽ ഇതേ കാലയളവിൽ 23,000 ഓളം പേർക്ക് ടെസ്റ്റ് നടത്തി.


സെപ്തംബർ 16 മുതൽ 27 വരെ ടെസ്റ്റ്


തിയതി - ടെസ്റ്റ് നടത്തിയവർ- രോഗികളുടെ എണ്ണം

സെപ്റ്റം. 16 -2181- 263
സെപ്റ്റം. 17- 1983-296
സെപ്റ്റം. 18- 1983 -326
സെപ്റ്റം. 19 -2975- 351
സെപ്റ്റം. 20- 2384 -322
സെപ്റ്റം. 21- 1233- 183
സെപ്റ്റം. 22- 2312- 369
സെപ്റ്റം. 23- 2323- 478
സെപ്റ്റം. 24 -1950- 474
സെപ്റ്റം. 25- 3364- 607
സെപ്റ്റം. 26 -3380 -594
സെപ്റ്റം. 27- 3380- 573