nss-budget
ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി കെ. മുരളീധരൻ ബജറ്റ് അവതരിപ്പിക്കുന്നു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ വാർഷിക പൊതുയോഗം. യൂണിയന്റെ 55-ാം വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം മുന്നോട്ടുവച്ചത്. സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുന്നതിന് സത്വരനടപടികൾ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

നാലാം തവണയും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ട ജി. സുകുമാരൻ നായരെ യോഗം അഭിനന്ദിച്ചു. ഗുരുവായൂരിലെ റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കാൻ നടപടികൾ സ്വീകരിക്കുന്ന റെയിൽവേ വകുപ്പിനെയും സർക്കാരിനെയും അഭിനന്ദിച്ചു. യൂണിയനിലെ എല്ലാ കരയോഗങ്ങളെയും പൂർണ്ണമായും കമ്പ്യൂട്ടർവത്കരിക്കാനും എല്ലാ കരയോഗ അംഗങ്ങൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിനും കൊവിഡ് ബോധവത്കരണ പരിപാടികൾ ഊർജിതപ്പെടുത്താനും യോഗം തീരുമാനിച്ചു.

യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ. രാജശേഖരൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. മുരളീധരൻ പ്രവർത്തന റിപ്പോർട്ടും വരവു ചെലവു കണക്കും 2020- 21 ലേക്കുള്ള ബഡ്ജറ്റും അവതരിപ്പിച്ചു. 37,03,615 രൂപാ വരവും അത്ര തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ സ്വാഗതവും പി.കെ. രാജേഷ് ബാബു നന്ദിയും പറഞ്ഞു. അഡ്വ. സി. രാജഗോപാൽ, ബിന്ദു നാരായണൻ, ബി. മോഹൻകുമാർ, ഗോപിനാഥൻ മനയത്ത്, കെ. ഗോപാലൻ, ടി. ഉണ്ണിക്കൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.