ഇരിങ്ങാലക്കുട: പുല്ലൂർ സർവീസ് സഹകരണ ബാങ്കിനെ സൂപ്പർ ഗ്രേഡ് നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ട് സഹകരണ വകുപ്പ് ഉത്തരവായി. ഡയമണ്ട് ജൂബിലി ആഘോഷിക്കുന്ന ബാങ്കിലെ ഡെപ്പോസിറ്റ്, ലോൺ, എം.ഡി.എസ്, നോൺ ബാങ്കിംഗ് സംരംഭങ്ങളുടെ മികവ് തുടങ്ങിയവയിലെ വളർച്ചയുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം കൈവരിച്ചത്.
ഇന്ന് രാവിലെ 10ന് ബാങ്ക് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സൂപ്പർ ഗ്രേഡ് പ്രഖ്യാപനം നിർവഹിക്കും. ഇതോടൊപ്പം ബാങ്കിന്റെ പുല്ലൂർ ശാഖയിൽ നബാർഡിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന 52 സോളാർപാനലുകളിൽ നിന്നായി 20 കിലോ വാട്ട് വൈദ്യുതി ഓൺ ഗ്രിഡായി ഉത്പാദിപ്പിക്കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാർ ഉദ്ഘാടനം ചെയ്യും. സ്വർണ നിധി നിക്ഷേപ പദ്ധതി മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് ഉദ്ഘാടനം ചെയ്യും. 50 മുതൽ 80 ശതമാനം വരെ സബ്‌സിഡി നിരക്കിൽ കാർഷിക ഉത്പന്നങ്ങളും, കാർഷിക ഉപകരണങ്ങളും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനാകും.