പെരിങ്ങോട്ടുകര: ഭക്തർ വീടുകളിലിരുന്ന് ചിറകെട്ടിന്റെ ഭാഗമായി. ശ്രീരാമനും വാനരസൈന്യവും നടത്തിയ സേതുബന്ധനത്തിന്റെ ഓർമ്മ പുതുക്കി ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിലെ ചിറകെട്ടോണം ആഘോഷിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ചടങ്ങ് മാത്രമായിരുന്നു. പുലർച്ചെ ചിറകെട്ട് നടക്കുന്നിടത്ത് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി.
ചെണ്ട കൊട്ട് കേട്ടതോടെ ഗ്രാമവാസികൾ പീഠത്തിൽ തൃക്കാക്കരയപ്പനെ വെച്ച് തൂമ്പപ്പൂവിട്ട് ഓണം കൊണ്ടു. സന്ധ്യക്ക് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടയടച്ച് ദേവസ്വം ഭാരവാഹികൾ ചെമ്മാപ്പിള്ളിയിലെത്തി ചിറ നിർമ്മിക്കാൻ അനുമതിയേകി. മൂന്നു തവണ അനുമതി ചോദിച്ചശേഷം അവകാശി പനോക്കി സുരേഷ് പ്രതീകാത്മക ചടങ്ങ് നിർവഹിച്ചു. ഭഗവാനെ ചിറകെട്ടിന് സഹായിച്ച അണ്ണാറക്കണ്ണനെ സ്മരിച്ച് ഒരു പിടി മണ്ണ് വാരിയിട്ട് സേതുബന്ധന വന്ദനം നടത്തി.
പിന്നീട് ചിറയിൻമേൽ ശ്രീരാമ ഭഗവാന് വിശ്രമിക്കാനായി പത്മമിട്ട് വെള്ളയും കരിമ്പടവും വിരിച്ച് താംബൂലം വെച്ചു. ചടങ്ങുകളുടെ അവസാന ഭാഗമായി വിഭവസമർപ്പണവും അവകാശ വിതരണവും കൊട്ടാരവളപ്പിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ച് നടന്നു. ചിറകെട്ടോണ സംരക്ഷണസമിതി ഭാരവാഹികളായ ഇ.പി ഗിരീഷ്, എ.ഡി ഗിരീഷ്, ടി.ജി രതീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ കുമ്മാട്ടിയുടെ ഊരുചുറ്റലും മറ്റു ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു.