davichi-suresh

കയ്പമംഗലം:ഉരുളൻ കല്ലുകൾ കൊണ്ട് നിർമ്മിച്ച ദുൽഖറിന്റെ ചിത്രവുമായി ഡാവിഞ്ചി സുരേഷ് വീണ്ടും. ഗാർഡൻ അലങ്കാരങ്ങൾക്കും അക്വോറിയങ്ങൾക്കും ഉപയോഗിയ്ക്കുന്ന ഉരുളൻ കല്ലുകൾ ഉപയോഗിച്ചാണ് ഇത്തവണത്തെ പരീക്ഷണം. ഡാവിഞ്ചി സുരേഷിന്റെ ചിത്ര ശില്പ മീഡിയങ്ങളുടെ നൂറിലേയ്ക്കുള്ള യാത്രയിൽ അറുപത്തിയഞ്ചാമത്തെ മാദ്ധ്യമമാണ് കല്ലുകൾ. മൂന്നുപീടികയിലുള്ള എ.ഐ.സി. ക്ലിനിക്ക് നടത്തുന്ന സുഹൃത്തായ സിദ്ദിഖിന്റെ സഹായത്തോടെ ചളിങ്ങാട് റീഡക്‌സ് സ്‌പോർട്‌സ് ഇൻഡോർ സ്റ്റേഡിയം ഫുട്‌ബോൾ ഗ്രൗണ്ടിൽ ആണ് 25 അടി വലുപ്പമുള്ള വലിയ ചിത്രം തീർത്തത്. പെയിന്റോ ബ്രഷോ ഒന്നും ഇല്ലാതെ യഥാർത്ഥ കളറുകളുള്ള വിവിധ നിറങ്ങളിലുള്ള കല്ലുകൾ മാത്രം തിരഞ്ഞെടുത്ത് 6 മണിക്കൂർ സമയം കൊണ്ട് ബേബി മെറ്റലിന് മുകളിൽ നിരത്തിയാണ് ചിത്രം സാധ്യമാക്കിയത്. മണ്ണുത്തിയിലെ അമ്പാടി പെബ്ബ്ൾസ് നടത്തുന്ന വിനോദ് ആണ് ചിത്രത്തിനാവശ്യമായ കല്ലുകൾ നൽകിയത്. സ്റ്റേഡിയം ഉടമ മുജീബ് ഹംസ ,രാകേഷ് പള്ളത്ത് , നജീബ് എന്നിവരെ കൂടാതെ സ്‌പോർട്‌സ് കലാ പ്രേമികളായ ആറോളം സുഹൃത്തുക്കൾ കല്ലുകൾ എത്തിക്കാനും സഹായിക്കാനും ഉണ്ടായിരുന്നു.. നേരത്തെ വിറകിൽ തീർത്ത പൃഥ്വിരാജിന്റെ ചിത്രവും മാസ്കിൽ തീർത്ത അമിതാബ് ബച്ചന്റെ ചിത്രവും ഹിറ്റായിരുന്നു.