chira

ചെമ്മാപ്പിള്ളി: ശ്രീരാമനും വാനരസൈന്യവും നടത്തിയ സേതുബന്ധനത്തിന്റെ ഓർമ്മ പുതുക്കി ചിറ കേട്ടോണം നടത്തി. തുലാവർഷ ജലം ശേഖരിക്കുന്നതിനും ശുദ്ധജലസംഭരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ഉള്ള വലിയ പങ്ക് ചടങ്ങിനുണ്ട്. ചിറകെട്ട് നടക്കുന്നിടത്ത് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്നുള്ള ചെണ്ടകൊട്ട് കേട്ടതോടെ ഗ്രാമവാസികളും വീട്ടുമുറ്റത്ത് ചാണകം മെഴുകിയ തറയിലെ പീഠത്തിൽ തൃക്കാക്കരയപ്പനെ വച്ച് തുമ്പപ്പൂവിട്ട് ഓണം കൊണ്ടു. കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ ഇന്നലെ മുതൽ ആരംഭിക്കേണ്ടിയിരുന്ന കുമ്മാട്ടിയുടെ ഊരുചുറ്റലും മറ്റ് ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു. സന്ധ്യക്ക് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടയടച്ച് ദേവസ്വം ഭാരവാഹികൾ ചെമ്മാപ്പിള്ളിയിലെത്തി ചിറ നിർമ്മിക്കാൻ അനുമതിയേകി. ഈ ചടങ്ങ് നടത്താനായി ദീപാരാധനയും അത്താഴപൂജയും നേരത്തെത്തന്നെ തീർത്ത് ക്ഷേത്ര നടയടച്ചിരുന്നു. നടയടക്കുന്നതോടെ സേതുബന്ധനം വീക്ഷിക്കാൻ മുതലപ്പുറത്തേറി തൃപ്രയാർ തേവർ എത്തുമെന്നും പുതിയ ചിറയിന്മേൽ പള്ളികൊള്ളും എന്നുമാണ് വിശ്വാസം.‌ അവകാശി പനോക്കി സുരേഷ് പ്രതീകാത്മക ചടങ്ങ് നിർവ്വഹിച്ചു. ചിറകെട്ടിനു സഹായിച്ച അണ്ണാറക്കണ്ണനെ സ്മരിച്ച് ഒരുപിടി മണ്ണ് വാരിയിട്ട് സേതുബന്ധന വന്ദനം നടത്തി മറ്റൊരു അവകാശി കുറ്റിക്കാട്ട് പ്രശാന്ത് പത്മമിട്ട് വെള്ളയും കരിമ്പടവും വിരിച്ച് താമ്പൂലം വച്ചു. വിവിധ സമുദായങ്ങളെ പ്രതിനിധീകരിച്ച് തട്ടാൻ മോതിരവും കരുവാൻ കത്തിയും ആശാരി ഇടങ്ങഴിയും സാംബവൻ ഓലക്കുടയും നായർ കാഴ്ചക്കുലയും സമർപ്പിച്ചു. എല്ലാ സമുദായങ്ങൾക്കുമുള്ള അവകാശവും സേതുബന്ധന വന്ദനം നടത്തിയവർക്ക് നൽകുന്ന ദക്ഷിണയും ദേവസ്വം അസി. മാനേജർ അഖിൽ വിതരണം ചെയ്തു. ചിറകെട്ടോണ സംരക്ഷണ സമിതി ഭാരവാഹികളായ ഇ.പി.ഗിരീഷ്, എ.ഡി. ഗിരീഷ്, ടി.ജി.രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.