temple

തൃശൂർപൂരത്തിലെ പ്രധാന പങ്കാളികളായ തൃശൂർപാറമേക്കാവ് ഭഗവതിയുടെ ഗോളക തങ്കം പൊതിയുന്നു. നിലവിലുള്ള സ്വർണ്ണ വിഗ്രഹത്തിലാണ് രണ്ട് കിലോ തങ്കം കൊണ്ട് മോടി പിടിപ്പിക്കുന്നത്. നവരാത്രിക്ക് സമർപ്പണം നടത്തുന്ന വിധത്തിൽ തങ്കം പൊതിയുന്നതിന്റെ പ്രവർത്തനം ക്ഷേത്രത്തിനുള്ളിൽ നടന്നു വരികയാണ്. ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരം ഉൾപ്പടെ സ്വർണ്ണം പൊതിഞ്ഞ ശിൽപ്പിയായ അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും നേതൃത്വത്തിൽ മധുരയിൽ നിന്നുള്ള അഞ്ച് പേരാണ് ഗോളകയുടെ നിർമ്മാണം നടത്തുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസമായി പ്രവർത്തനം ആരംഭിച്ചിട്ട്. നിലവിലെ ഗോളകയിലെ സ്വർണ്ണവും ക്ഷേത്രത്തിൽ ലഭിച്ച വഴിപാടുകളിൽ നിന്നുള്ള സ്വർണ്ണവും ചേർത്ത് തങ്കമാക്കിയാണ് ഉപയോഗിക്കുന്നത്. മെർക്കുറിയിൽ നേരത്തെ പഞ്ചലോക വിഗ്രഹമായിരുന്നത് 1997 ലാണ് മൈസൂർ രാജാ കൊട്ടാരത്തിലെ ശിൽപ്പിയായിരുന്ന രാജു തങ്കവേലുവിന്റെ നേതൃത്വത്തിൽ വെള്ളി പൂശുകയും തുടർന്ന് ഒരു വർഷത്തിന് ശേഷം സ്വർണ്ണ ഗോളക നിർമ്മിക്കുകയും ചെയ്തു. എന്നാൽ ഗോളകയ്ക്ക് ഉപയോഗിച്ചതിന്റെ തേയ്മാനം വന്നതോടെ പാറമേക്കാവ് ക്ഷേത്രത്തിലെ പുതിയ ഭരണ സമിതി പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി രാജേഷ് പൊതുവാൾ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് തങ്കം പൊതിയുന്നതിനുള്ള തീരുമാനമെടുത്തത്. ക്ഷേത്രം സൂപ്രണ്ട് ശ്രീനിവാസന്റെ മേൽനോട്ടത്തിലാണ് ഗോളക നിർമ്മാണം നടക്കുന്നത് കാമറ: റാഫി എം.ദേവസി