stadium

തൃശൂർ : കാൽപ്പെരുമാറ്റങ്ങളും ആരവങ്ങളും ഇല്ല. വിജയ ഭേരികളോ, അനൗൺസ്മെന്റുകളോ ഇല്ലാതെ കളിക്കളങ്ങൾ നിശബ്ദമായിട്ട് മാസങ്ങൾ. മൈതാനം എന്ന് തുറക്കുമെന്നറിയാതെ കാത്തിരിക്കുകയാണ് കായിക താരങ്ങളും കായിക പ്രേമികളും. ജില്ലയിൽ ആദ്യ ലോക്ഡൗൺ പ്രഖ്യാപനം മുതൽ കായിക താരങ്ങൾക്ക് പരിശീലനം പോലും നടത്താൻ സാധിക്കാത്ത അവസ്ഥയാണ്.
പലരും വീടുകളിൽ പരിശീലനം നടത്തുന്നുണ്ട്. ഓൺലൈൻ കോച്ചിംഗ് ക്ലാസുകളുമുണ്ട്. കഴിഞ്ഞ 21 മുതൽ കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ നൽകിയതോടെ കളിക്കളങ്ങൾ ഉണരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും കേരളത്തിൽ ഓരോ ദിവസം ചെല്ലുംതോറും കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്നത് ആശങ്ക ഉണ്ടാക്കുന്നു. സംസ്ഥാന സർക്കാരിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും അനുമതി ലഭിച്ചാൽ മാത്രമെ സ്‌പോർട്‌സ് കൗൺസിലിന് കീഴിലുള്ള അസോസിയേഷനുകൾക്ക് പ്രവർത്തിക്കാനാകൂ. ഗുസ്തി, റസ്‌ലിംഗ് ഒഴിച്ചുള്ള കായിക ഇനങ്ങൾക്ക് പരിശീലനത്തിന് അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ജില്ലയിലെ പ്രധാന കളിസ്ഥലമായ കോർപറേഷന് കീഴിലുള്ള പാലസ് ഗ്രൗണ്ട് പ്രഭാത സവാരിക്കാർക്ക് പോലും തുറന്ന് കൊടുത്തിട്ടില്ല. സ്‌കൂൾ, കോളേജ് മത്സരങ്ങൾ, ഫുട്ബാൾ ടൂർണമെന്റുകൾ, ക്രിക്കറ്റ് മത്സരങ്ങൾ, അത്‌ലറ്റിക് മേളകൾ ഒന്നും നടക്കാത്തതിനെ തുടർന്ന് ഒട്ടേറെ പുത്തൻ താരോദയങ്ങളും പിറവിയെടുക്കാതെ പോകുന്നു.

സ്‌കൂൾ മേളകളിലും മറ്റും സ്‌പോർട്‌സ് ക്വാട്ടയിലുടെ പ്രവേശനം നേടി കായിക രംഗത്ത് സജീവമാകാമെന്നുള്ള പലരുടെയും ആഗ്രഹങ്ങളാണ് കൊവിഡ് തട്ടിയെടുത്തത്. ദിവസവും പ്രഭാതസവാരിക്കിറങ്ങുന്നവർ മുതൽ കായികരംഗത്ത് മിന്നുംതാരങ്ങൾ വരെ ഈ കൊവിഡ്കാലത്ത് പ്രതിസന്ധിയിലാണ്. കൃത്യതയോടെയുള്ള പരിശീലനമില്ലാത്തതിനാൽ മികവാർന്ന പ്രകടനത്തെ ബാധിക്കുമെന്ന ഭീതിയിലാണ് കായികതാരങ്ങൾ. ക്ലബുകളുടെയും മറ്റും നേതൃത്വത്തിൽ മൈതാനങ്ങൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ, മറ്റു കളിസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം വ്യത്യസ്തതരം കളികളും പരിശീലനങ്ങളും നടന്നിരുന്നു. ഫുട്ബാളായിരുന്നു പ്രധാന ഇനം. കൊവിഡ് വ്യാപനത്തിന് മുമ്പ് ജില്ലയിലെ പ്രധാനയിടങ്ങളിലെല്ലാം വിദേശമാതൃകയിലുള്ള ചെറുകിട ഫ്‌ളഡ്‌ലിറ്റ്- സിന്തറ്റിക് ടർഫ് സ്റ്റേഡിയം നിർമ്മിച്ചിരുന്നു. കേന്ദ്രം കഴിഞ്ഞ ആഴ്ച ലോക്ക് ഡൗണിൽ ഇളവ് വരുത്തിയതിനെ തുടർന്ന് കൊവിഡ് മാനദണ്ഡം പാലിച്ച് യോഗയും ജിംനേഷ്യവും നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ ആരും തന്നെ തുറന്ന് പ്രവർത്തനമാരംഭിച്ചില്ല. തുറന്നിടത്താകട്ടെ കാര്യമായി ആളുമെത്തിയില്ല.


42 അസോസിയേഷനുകൾ

ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ 42 കായിക അസോസിയേഷനുകളാണ് പ്രവർത്തിക്കുന്നത്. ഫുട്ബാൾ, ഹോക്കി, വോളിബാൾ, ബാസ്‌കറ്റ്ബാൾ, അത്‌ലറ്റിക്‌സ്, ഷട്ടിൽ ബാഡ്മിന്റൻ, ടെന്നീസ്, സ്വിമ്മിംഗ്, ഷൂട്ടിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ് തുടങ്ങിയ അസോസിയേഷനുകളൊന്നും പ്രവർത്തിക്കുന്നില്ല.


"ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് കീഴിലുള്ള വിദ്യാർത്ഥികൾക്ക് ഓരോ വിഭാഗത്തിൽപെട്ട കോച്ചുമാർ ഓൺലൈനിലൂടെ പരിശീലനം നൽകുന്നുണ്ട്. ജില്ലയിലെ വിവിധ സ്‌കൂളുകളുമായി ബന്ധപ്പെട്ട് താമസിക്കുന്ന 270 കുട്ടികൾക്ക് ദിവസം 200 രൂപ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഭക്ഷണത്തിലായി നൽകുന്നുണ്ട്.

കെ.ആർ സുരേഷ് കുമാർ
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി