വരന്തരപ്പിള്ളി: പട്ടിക ജാതി കുടുംബങ്ങൾക്ക് കുടിവെള്ളം തടഞ്ഞതായി ആരേപിച്ച് കുടങ്ങളും പാത്രങ്ങളുമായി വരന്തരപ്പിള്ളി പഞ്ചായത്ത് ഓഫീസിനു മുന്നിൽ് നന്ദിപുലം മാട്ടുമല കോളനി നിവാസികൾ സമരം നടത്തി. ജില്ലാ പഞ്ചായത്ത് അഞ്ച് വർഷം മുമ്പു നിർമ്മാണം പൂർത്തീകരിച്ച എട്ട് കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഫ്ലാറ്റുകൾ മാട്ടുമലയിൽ ഒഴിഞ്ഞു കിടക്കുകയായായിരുന്നു. ഇതിനു ഗുണഭോക്താക്കളെ കണ്ടെത്തി ഫ്ലാറ്റ് വിതരണം ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇതിനിടെ 2018ലെ തീവ്ര മഴയിൽ വീട് നഷ്ടപ്പെട്ട നാല് എസ്‌.സി കുടുംബങ്ങൾ അടക്കം അഞ്ച് കുടുംബങ്ങൾ ഫ്ലാറ്റിൽ താമസമാക്കി. ഇവർക്കു കഴിഞ്ഞ ദിവസം വരെ വാട്ടർ അതോറിറ്റി വെള്ളം നൽകിയിരുന്നു. പഞ്ചായത്ത് ആവശ്യപ്പെട്ട പ്രകാരം കഴിഞ്ഞ ദിവസം കുടിവെള്ള വിതരണം അതോറിറ്റി നിറുത്തി.
തങ്ങളെ കുടിയൊഴിപ്പിക്കാൻ വേണ്ടിയാണ് കുടിവെള്ള വിതരണം നിറുത്തിയതെന്നാണ് സമരക്കാരുടെ ആരോപണം. കുടിവെള്ളം നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ച കുടുംബങ്ങൾ പഞ്ചായത്തിന് മുമ്പിൽ ധർണ്ണ നടത്തി. സി.പി.എം വരന്തരപ്പിള്ളി ലോക്കൽ സെക്രട്ടറി എൻ.എം. സജീവൻ സമരം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സരോജനി വാസു അദ്ധ്യക്ഷയായി. ഷീല മോഹനൻ, സി.എൻ. രാജീവൻ എന്നിവർ സംസാരിച്ചു.