തൃശൂർ : കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും പരിശോധനകളിൽ അയവും വന്നതോടെ പിടിവിട്ട് പായുന്ന കൊവിഡ് വൈറസിനെ പിടിച്ചുകെട്ടാൻ വീണ്ടും കച്ചമറുക്കാൻ തയ്യാറെടുത്ത് ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യ വകുപ്പും. കഴിഞ്ഞ എതാനും ആഴ്ച്ചകളായി ദിനംപ്രതി 500 ലേറെ രോഗികളാണ് ജില്ലയിൽ പോസറ്റീവ് ആകുന്നത്. ഇതിന് അനുസരിച്ച് മരണ സംഖ്യയും ഉയരുന്നു. പത്ത് ദിവസത്തിനുള്ളിൽ മാത്രം രോഗികളുടെ എണ്ണം അയ്യായിരത്തോളമായി ഉയർന്നു.
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ പൊലീസിന്റെ ഭാഗത്ത് നിന്ന് കഴിഞ്ഞ കുറെ നാളുകളായി കാര്യമായ പരിശോധനകൾ നടന്നിരുന്നില്ല. വാഹന പരിശോധനക്കിടെ മാസ്‌കില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടി പിഴയടപ്പിക്കുന്നതിൽ മാത്രം നടപടി ഒതുങ്ങി. ഇതിനൊപ്പം
രണ്ടാഴ്ച്ചയിലേറെ നടന്ന സമരങ്ങളെ പ്രതിരോധിക്കാൻ കൂടി പൊലീസ് സംവിധാനം മാറിയതോടെ ആളുകൾ നിയന്ത്രണമില്ലാതെ പായുകയായിരുന്നു. രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ് പരിശോധനയടക്കം കടുപ്പിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.
അനധികൃത അവധികാർക്കെതിരെ നടപടി
ആരോഗ്യ വകുപ്പിൽ സ്ഥിരം നിയമനം ലഭിച്ച ശേഷം അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയെടുക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനുള്ള നീക്കം ആരോഗ്യ വകുപ്പ് തുടങ്ങി. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ഇറക്കിയിരുന്നു. എത്രയും പെട്ടന്ന് അത്തരം അവധിക്കാർ ജോലിക്ക് പ്രവേശിക്കമെന്ന് നിർദേശിച്ചിട്ടുണ്ട്. അതേസമയം ജോലിക്ക് ഹാജരായ ശേഷം വീണ്ടും അവധിയിൽ പ്രവേശിക്കുന്നവരുടെ എണ്ണവും കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കൊവിഡ് ഡ്യുട്ടിയിലുള്ള ആരോഗ്യ പ്രവർത്തകർ വിശ്രമമില്ലാതെ ജോലിചെയ്യുന്നതിനിടയിലാണ് ചിലർ അനാവശ്യ അവധികൾ എടുത്ത് വീടുകളിൽ ഇരിക്കുന്നത്.ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ചേരുന്ന സർവ്വകക്ഷി യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും
എസ്.ഷാനവാസ്
ജില്ലാ കളക്ടർ