കോലഴി: തൃശൂർ - ഷൊർണൂർ റോഡിൽ കോലഴിയിലും പൂവണിയിലും റോഡിലേക്ക് തള്ളിനിൽക്കുകയും കാഴ്ച മറയ്ക്കുകയും ചെയ്ത് അപകട ഭീഷണി ഉയർത്തുന്ന ട്രാൻസ്‌ഫോർമറുകൾ മാറ്റി സ്ഥാപിക്കാൻ ഉടൻ നടപടി സ്വീകരിക്കമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോലഴി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പൂവണിയിൽ ഈ ആവശ്യമുന്നയിച്ച് പരിഷത്ത് ഇതിന് മുമ്പും പഞ്ചായത്തിൽ നിവേദനം നൽകുകയും ഗ്രാമസഭയിൽ പ്രശ്‌നം ഉന്നയിക്കുകയും ചെയ്‌തെങ്കിലും നടപടിയായില്ല. പൂവണിയിൽ, ചിന്മയ സ്കൂൾ റോഡിൽ നിന്ന് കയറിവരുന്ന വാഹനങ്ങൾക്ക് ട്രാൻസ്‌ഫോർമർ കാഴ്ച മറയ്ക്കുകയും തന്മൂലം അപകടങ്ങൾ പതിവാകുകയും ചെയ്യുന്നുണ്ട്.

അമിത വേഗത്തിൽ കയറ്റമിറങ്ങി വരുന്ന വാഹനങ്ങൾക്ക് അപായസൂചന നൽകുന്ന സിഗ്‌നലുകളോ ബോർഡുകളോ അവിടെ ഇല്ല. ഇക്കാര്യത്തിൽ അധികൃതർ ഇടപെടണമെന്ന് പരിഷത്ത് മേഖലാ പ്രസിഡന്റ് ഐ.കെ. മണി, സെക്രട്ടറി എം.എൻ. ലീലാമ്മ എന്നിവർ ആവശ്യപ്പെട്ടു.

പൂവണി ബസ് സ്റ്റോപ്പ് വൃത്തിയാക്കൽ ശ്രമദാനത്തിന് എം.എൻ. ലീലാമ്മ, രജത് മോഹൻ, കെ.വി. ആന്റണി, ഡോ. എസ്.എൻ. പോറ്റി, എം.കെ. മനോജ്, പി. അജിതൻ, സി. ബാലചന്ദ്രൻ , കെ.ബി. മധുസൂദനൻ, ടി. നരേന്ദ്രൻ, ടി. നിരഞ്ജൻ തുടങ്ങിയവർ നേതൃത്വം നൽകി.