തൃശൂർ : കൊവിഡിനെ മന: സാന്നിദ്ധ്യം കൊണ്ട് തോൽപ്പിച്ചിരിക്കുകയാണ് കൈപ്പറമ്പിൽ ഊട്ടുമഠത്തിൽ വിജയകുമാറും കുടുംബവും. കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബത്തിലെ പത്തംഗങ്ങളിൽ ഏഴ് പേർക്കും കൊവിഡ് സ്ഥിരീകരിച്ചപ്പോൾ മൂന്നു പേർ നെഗറ്റീവ് ആയി. അതിൽ രണ്ട് പേർക്കും കൊവിഡിന്റെ ലക്ഷണം എല്ലാം ഉണ്ടായിരുന്നുവെങ്കിലും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നുവെന്ന് മാത്രം.
എല്ലാവരും വീട്ടിൽ തന്നെ നീരീക്ഷണത്തിലിരുന്നാണ് കൊവിഡിനെ ചെറുത്ത് തോൽപ്പിച്ചത്. മുൻ റെയിൽവേ ജീവനക്കാരനായിരുന്ന വിജയകുമാർ (72) വീണ് അബോധാവസ്ഥയിലായപ്പോൾ ഓഗസ്റ്റ് 28 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്ക് ശേഷം നാലാം തിയതി വീട്ടിലേക്ക് കൊണ്ട് വന്നു. ഈ സമയം അദ്ദേഹത്തിന് ശക്തമായ പനി ഉണ്ടായിരുന്നെങ്കിലും കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു. ഇതിനിടയിൽ ഭർത്താവിന്റെ ഒപ്പം ആശുപത്രിയിൽ ഉണ്ടായിരുന്ന ഇന്ദിര ദേവി ടീച്ചർക്കും മൂത്ത മകൻ ശ്രീജിത്തിനും രോഗലക്ഷണം പ്രകടമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവർക്കും കൊവിഡ് പൊസിറ്റീവ് ആയി. പിന്നീട് ശ്രീജിത്തിന്റെ ഭാര്യ ഭാഗ്യലീന, മകൻ മഹാദേവ്, രണ്ടാമത്തെ മകൻ രഞ്ജിത്ത്, ഭാര്യ ഷീന, മകൾ ഭുവന എന്നിവർക്കും പൊസിറ്റീവായി. എഴുപത് കഴിഞ്ഞ ഇന്ദിരാദേവിക്ക് പൊസിറ്റീവ് ആയതോടെ ആശുപത്രിയിലേക്ക് മാറ്റാൻ നിശ്ചയിച്ചെങ്കിലും അബോധാവസ്ഥയിൽ കിടക്കുന്ന ഭർത്താവിനടുത്ത് നിന്ന് പോകാൻ മനസ് വന്നില്ല. ഇതേത്തുടർന്ന് ആരോഗ്യ വകുപ്പിന്റെ സമ്മത പ്രകാരം എല്ലാവരും വീട്ടിൽ തന്നെ നീരീക്ഷണത്തിലിരിക്കുകയായിരുന്നു. ഭർത്താവിനെ ചികിത്സിക്കുന്ന ഡോക്ടർമാർ കൃത്യമായ ഇടവേളകളിൽ വീഡിയോ കോളിലൂടെ കണ്ട് വേണ്ട നിർദ്ദേശം നൽകിയിരുന്നതായി ഇന്ദിരാ ദേവി ടീച്ചർ പറഞ്ഞു. തങ്ങൾക്ക് ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനത്തിന്റെയും നാട്ടുകാരുടെയും പൂർണ്ണ പിൻതുണ ലഭിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മൂത്ത മകന്റെ മകളെ വീടിന്റെ മുകളിലത്തെ നിലയിലാണ് പാർപ്പിച്ചിരുന്നത്. രണ്ടാമത്തെ മകന്റെ കുട്ടിയുടെ ഫലം നെഗറ്റീവ് ആയി. കഴിഞ്ഞ ഒരു മാസമായി തങ്ങൾ പുറംലോകം കണ്ടിട്ടില്ലെന്ന് അവർ പറഞ്ഞു. എന്നാൽ നാടിന്റെ പിന്തുണയോടെ എല്ലാറ്റിനെയും അതിജീവിക്കാൻ സാധിച്ചതായി അവർ കൂട്ടിച്ചേർത്തു.
484 കൊവിഡ്
തൃശൂർ: 236 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 484 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,877 ആണ്. തൃശൂർ സ്വദേശികളായ 130 പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം 12,833 ആണ്. 7,834 പേർ രോഗമുക്തരായി. സമ്പർക്കം വഴി 482 പേർക്കാണ് കൊവിഡ് ബാധ. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല. രോഗികളിൽ 60 വയസിന് മുകളിൽ 37 പുരുഷന്മാരും 31 സ്ത്രീകളും 10 വയസിന് താഴെ 24 ആൺകുട്ടികളും 17 പെൺകുട്ടികളുമുണ്ട്.
മെഡിക്കൽ കോളേജിൽ ഇനി മൃതദേഹങ്ങൾ സ്വീകരിക്കില്ല
തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ മൃതദേഹം സ്വീകരിക്കുന്നത് താത്കാലികമായി നിറുത്തി. മൃതദേഹങ്ങൾ സ്വീകരിച്ച് സൂക്ഷിക്കാനുള്ള സ്ഥലപരിമിതി മൂലമാണ് തീരുമാനമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അനാട്ടമി വിഭാഗത്തിലെ കഡാവർ ടാങ്കുകളിൽ നിലവിൽ 27 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമാണ് ഉള്ളത്. 27 മൃതദേഹങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷം പ്രവേശനം നേടിയ എം.ബി.ബി.എസ്, ബി.ഡി.എസ് വിദ്യാർത്ഥികളുടെ മൃതദേഹ പഠനം പൂർത്തിയാക്കാൻ കൊവിഡ് സാഹചര്യത്തിൽ സാധിച്ചിട്ടില്ല. ഈ വർഷത്തെ വിദ്യാർത്ഥി പ്രവേശനം നടക്കാത്തതിനാൽ പുതിയ വിദ്യാർത്ഥികൾക്കുള്ള മൃതദേഹ പഠനവും തുടങ്ങാനായിട്ടില്ല. എല്ലാ മൃതദേഹങ്ങളും ടാങ്കിൽത്തന്നെ സൂക്ഷിച്ചു വയ്ക്കേണ്ട സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾ മരിച്ചാൽ മൃതദേഹം സ്വീകരിച്ചു സൂക്ഷിക്കാൻ സ്ഥലപരിമിതി ഉണ്ടെന്നാണ് പ്രിൻസിപ്പൽ അറിയിച്ചത്.